ഗുണ്ടാ വിളയാട്ടം; കഴക്കൂട്ടത്ത് പൊലിസ് സുരക്ഷ ശക്തം
കഠിനംകുളം: സിനിമാ ലോകത്തെ യുവ നടിയെ കൊച്ചിയില്‍ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഐ.ടി നഗരമായ കഴക്കൂട്ടത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലിസ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ തുടക്കമെന്ന നിലയില്‍ നാല് ഇരുചക്രവാഹനത്തില്‍ 24 മണിക്കൂറും ഐ.ടി നഗരത്തെ വലയം ചെയ്ത് കൊണ്ടുള്ള പൊലിസിന്റെ പെട്രോളിംങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിനൊപ്പം ഗുണ്ടകളെ പിടികൂടാനായി കഴകൂട്ടം പൊലിസ് നടത്തിയ പരിശോധനയില്‍ കഴക്കൂട്ടത്തെ കുപ്രസിദ്ധ ഗുണ്ടകളായ ചുരുട്ട സന്തോഷ്, കമിഴിക്കര ബിനു, കുടുക്ക രതീഷ് എന്നിവരെ പിടികൂടിക്കൂടിയിട്ടുമുണ്ട്.
വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാക്കുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് പൊലിസ് കമ്മിഷണറുടെ ഓഫിസില്‍ നിന്നും അറിയിച്ചു. ടെക്‌നോ നഗരത്തിന് പൂര്‍ണ സുരക്ഷ ഒരുക്കാന്‍ ഇതിന് മുന്‍പ് രണ്ട് തവണ പൊലിസിന്റെ ഉന്നതങ്ങളില്‍ തീരുമാനമുണ്ടായിരുന്നെങ്കിലും യാതൊന്നും നടന്നില്ല. കൊച്ചി സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഇപ്പോള്‍ കൈകൊണ്ട നടപടികള്‍ എത്രത്തോളം വിജയിക്കുമെന്നത് കാണേണ്ടിയിരിക്കുന്നു. കേരളത്തെ കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്ത് നിന്നും വനിതാ ജീവനക്കാര്‍ ഏറ്റവും കൂടുതലുള്ളത് തലസ്ഥാന ജില്ലയില്‍പ്പെട്ട കഴക്കൂട്ടത്താണ്. ഈ പരിഗണനയായിരുന്നു കഴിഞ്ഞ രണ്ട് തവണയായി ഐ.ടി നഗരത്തെ സുരക്ഷാവലയത്തിലാക്കാന്‍ പൊലിസും ഭരണകൂടവും തീരുമാനിച്ചത്. എന്നാല്‍ അത് നടപ്പിലാക്കാന്‍ പൊലിസിന് കഴിഞ്ഞില്ല.
ഇപ്പോഴത്തെ സാഹചര്യത്തിലെങ്കിലും പൊലിസിന്റെ പഴയ തീരുമാനം ന്നടപ്പിലാകുമെന്ന നിറഞ്ഞ വിശ്വാസത്തിലാണ് ആയിരക്കണക്കിന് ടെക്കികളും നാട്ടുകാരും. ജില്ലയില്‍ 246 ഗുണ്ടകളാണ് പൊലിസിന്റെ കണക്കനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഏറേ ഗുണ്ടകളും കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ തമ്പടിച്ചിട്ടുള്ളത്. മണ്ണ്, മദ്യം, മയക്ക് മരുന്ന്, കഞ്ചാവ് കച്ചവടം തുടങ്ങിയവ നടത്തിയാണ് ഇവര്‍ ഇവിടെ വിലസുന്നത്. ഇതിന്റെ മറവില്‍ ജീവിതം അടിച്ച് പൊളിക്കുന്ന ഗുണ്ടകളാണ് പല സന്ദര്‍ഭങ്ങളിലും ഐ.ടി പ്രെഫഷണലുകള്‍ക്ക് നേരേ ആക്രമണം ന്നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. പൊലിസ് ഐ.ടി നഗരത്തെ സുരക്ഷിതമാക്കുന്നതോടൊപ്പം ഇങ്ങനെയുള്ള സാമൂഹിക വിരുദ്ധരെക്കൂടി പിടികൂടി ജയിലിലടക്കണമെന്നും ടെക്കികള്‍ ആവിശ്യപ്പെടുന്നു.
റൂറല്‍ പരിധിയിലായിരുന്ന കഴക്കൂട്ടത്തെ ഒന്നര വര്‍ഷത്തിന് മുന്‍പാണ് സിറ്റിയിലാക്കിയത്. അതിന് പ്രധാനകാരണം തന്നെ ടെക്കികള്‍ക്ക് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമം കൂടിയതോടെയാണ്. എന്നാല്‍ കഴക്കൂട്ടത്തെ സിറ്റിയിലാക്കിയെങ്കിലും കാര്യമായ ഒരു പുരോഗതിയും ഇന്നേവരേ ഉണ്ടായിട്ടില്ല. ജോലി കഴിഞ്ഞ് ഇടവഴികളിലും മറ്റുമായി കാല്‍നടയായി യാത്ര ചെയ്യുന്ന നിരവധി ടെക്‌നോപാര്‍ക്കിലെ വനിതാ ജീവനക്കാരാണ് വിവിധ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. ഇതില്‍ ഒരു ശതമാനം മാത്രമാണ് പരാതിയുമായി പൊലിസിനെ സമീപിക്കുന്നത്. അതിനാല്‍ പൊലിസും ടെക്കികളുടെ വിഷയങ്ങള്‍ കാര്യമായി എടുക്കാറില്ല. കഴക്കൂട്ടം തീരദേശ മേഘലയായതിനാല്‍ ജില്ലയിലെ ഒട്ടുമിക്ക ഗുണ്ടകള്‍ക്കും ഇവിടങ്ങളിലെ ഒളിത്താവളങ്ങളിലാണ് ക്യാംപ്. ഒന്നര മാസം മുന്‍പ് കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷിനെ പള്ളിത്തുറ ബീച്ചില്‍ നിന്നും പൊലിസ് പിടികൂടുകയും ഇയാളുടെ ആഡംബര കാറില്‍ നിന്നും ബോംബും മാരകായുധവും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രാജേഷിനൊപ്പം അന്നുണ്ടായിരുന്ന മറ്റൊരു ഗുണ്ട ജറ്റ് സന്തോഷ് അന്ന് പൊലിസിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും ഇന്നേവരെ ഇയാളെ പിടികൂടാനും പൊലിസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇവിടങ്ങളില്‍ ബോംബ് നിര്‍മാണ സംഘങ്ങളും സജീവമാണെന്നാണ് പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഇതുമായി ബന്ധപ്പെട്ടും നിരവധി പേരെ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും ഫലം പഴയത് പോലെ തുടരുന്നു. നടി പീഡിപ്പിക്കപ്പെട്ടതോടെ സര്‍ക്കാര്‍ കൈകൊണ്ട തീരുമാനത്തില്‍ കഴക്കൂട്ടം പൊലിസ് ജാഗ്രതയിലായിട്ടുണ്ട്. ഈ സാഹചര്യത്തിലെങ്കിലും ഐ.ടി നഗരവും പരിസര പ്രദേശങ്ങളും സുരക്ഷിതമാകുമെന്ന പ്രതീക്ഷയാണ് എല്ലാവരിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."