ജനജീവിതം നിശ്ചലം
ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ നാടും നഗരവും വലഞ്ഞു. സ്വകാര്യവാഹനങ്ങള്‍ ഒഴികെയുള്ളവ നിരത്തിലിറങ്ങാത്തത് വലച്ചത് സാധാരണക്കാരെ. ആളുകളെത്താത്തതിനാല്‍ പണിമുടക്ക് ദിനത്തില്‍ തുറന്നുപ്രവര്‍ത്തിച്ച വ്യാപാരികളെയും പ്രതികൂലമായി ബാധിച്ചു. നഗരത്തിലെ വിവിധ മേഖലകളെയും ജില്ലയിലെ വിവിധ പ്രദേശങ്ങളെയും പണിമുടക്ക് എങ്ങനെ ബാധിച്ചെന്ന് വിലയിരുത്തുന്നു
തെല്ലൊരു ആശ്വാസം ഈ ഹോട്ടലുകള്‍
വാഹനമില്ലാത്തതിനാല്‍ വഴിമുട്ടിയ യാത്രക്കാര്‍ക്ക് ആശ്വാസമായി നഗരത്തിലെ പ്രധാന ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. പതിവുപോലെ തന്നെ റെയില്‍വേ സ്റ്റേഷന്‍, പുതിയ സ്റ്റാന്‍ഡ്, പാളയം, മാവൂര്‍ റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിച്ചു.
സജീവമായി
മിഠായിത്തെരുവ് പണിമുടക്ക് ദിനത്തില്‍ മിഠായിത്തെരുവിലെ കടകള്‍ ഭൂരിഭാഗവും തുറന്നു. രാവിലെ ഒന്‍പതിന് തന്നെ ഭൂരിഭാഗം കടകളും തുറന്നിരുന്നു. പണിമുടക്ക് ദിവസം കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ തീരുമാനിച്ചിരുന്നു. നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും വ്യാപാരികള്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന ഹര്‍ത്താലിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മിഠായിത്തെരുവില്‍ രാവിലെ മുതല്‍ തന്നെ വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
വലിയങ്ങാടിയില്‍ ആളൊഴിഞ്ഞു
വലിയങ്ങാടിയിലും കടകള്‍ തുറന്നു. എന്നാല്‍ പതിവില്‍നിന്ന് വിപരീതമായി ചില കടകള്‍ മാത്രമാണു തുറന്നത്. പാളയത്ത് പച്ചക്കറി മാര്‍ക്കറ്റും പഴ വിപണിയും സജീവമായില്ല. ഉന്തുവണ്ടിയില്‍ വിരലിലെണ്ണാവുന്ന കച്ചവടക്കാര്‍ മാത്രമേ പാളയത്തിലുണ്ടായിരുന്നുള്ളൂ. വലിയങ്ങാടിയിലും മേലെ പാളയത്തും പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വ്യാപാരികളുടെ ആസ്ഥാനമായ വ്യാപാരഭവനില്‍ കടകളൊന്നും തുറന്നുപ്രവര്‍ത്തിച്ചില്ല.
'ആളില്ലാത്തോണ്ട് കച്ചോടം ഒന്നുമില്ല... '
ആളുകളൊന്നും അങ്ങാടിയിലേക്കിറങ്ങാത്തതിനാല്‍ കച്ചവടം നടന്നിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു. തൊഴിലാളികളെല്ലാം എത്തിയെങ്കിലും ഒരു നൂറുരൂപയുടെ കച്ചവടംപോലും നടന്നിട്ടില്ലെന്നാണ് മിഠായിത്തെരുവിലെ കടയുടമ പറയുന്നത്. പലയിടങ്ങളിലും രാവിലെ മുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും കച്ചവടം നടക്കാത്തതിനാല്‍ ഉച്ചയോടെ പല കടകളും പൂട്ടി. അതേസമയം വൈകിട്ട് പലയിടങ്ങളിലും ആളുകള്‍ പുറത്തിറങ്ങിയതിനാല്‍ ചെറിയ തോതില്‍ കച്ചവടം നടന്നതായി വ്യാപാരികള്‍ പറഞ്ഞു.
സിവില്‍ സ്റ്റേഷനില്‍ ഹാജര്‍നില കുറവ്
സിവില്‍ സ്റ്റേഷനിലെ ഒട്ടുമിക്ക ഓഫിസുകളും അടഞ്ഞുകിടന്നു. തുറന്നു പ്രവര്‍ത്തിച്ച ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ബി.എം.എസ് തൊഴിലാളികളുള്ള ചില ഓഫിസുകള്‍ മാത്രം തുറന്നുപ്രവര്‍ത്തിച്ചു. പണിമുടക്കിനെ അനുകൂലിക്കാത്ത ജീവനക്കാരും പൊതുഗതാഗതം ആശ്രയിക്കാത്തവരും എത്തിയിരുന്നു.
താറുമാറായി സ്‌കൂള്‍ പഠനം
സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്നലെയും ഇന്നും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്താത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനം താറുമാറായി.
സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ച നിലയിലായിരുന്നു. സ്‌കൂളുകളില്‍ ഹാജര്‍ നില കുറവായിരുന്നു. സ്‌കൂള്‍ ബസുകളിലെത്തിയ കുട്ടികളും സ്വകാര്യ വാഹനത്തിലെത്തിയ അധ്യാപകരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പലയിടങ്ങളിലും സ്‌കൂളുകള്‍ തീരെ തുറന്നുപ്രവര്‍ത്തിച്ചില്ല. ഹാജര്‍ നില കുറവായതിനാല്‍ സ്‌കൂളുകള്‍ ഉച്ചയ്ക്കു ശേഷം വിടുകയായിരുന്നു.
പെട്രോളില്ല, നിരത്തുകളും കാലി
പെട്രോള്‍ പമ്പുകളില്‍ കഴിഞ്ഞദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ വരെ പമ്പുകളില്‍ തിരക്കനുഭവപ്പെട്ടു. അതേസമയം ചില പമ്പുകളില്‍ ഇന്നലെ പുലര്‍ച്ചെയോടെ പെട്രോള്‍ തീര്‍ന്നത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരെ വലച്ചു. ഇതോടെ നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങള്‍ കുറവായിരുന്നു. ചേളാരി ഐ.ഒ.സിയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കുചേര്‍ന്നതിനാല്‍ ഇന്നു പണിമുടക്ക് കഴിയുന്നത് വരെ പെട്രോള്‍ ലഭ്യമാവില്ലെന്നാണ് പമ്പുടമകള്‍ പറയുന്നത്.
മലയോര മേഖലയില്‍ പൂര്‍ണം
മുക്കം, തിരുവമ്പാടി, താമരശ്ശേരി, കുറ്റ്യാടി മലയോര മേഖലകളില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണം. മുക്കം അടക്കമുള്ള അങ്ങാടികളില്‍ രാവിലെ തന്നെ ഭൂരിഭാഗം കടകളും അടച്ചിട്ടിരുന്നെങ്കിലും ഉച്ചയോടെ മിക്കതും തുറന്നു പ്രവര്‍ത്തിച്ചു. പൊതുഗതാഗതത്തെയാണു പണിമുടക്ക് കാര്യമായി ബാധിച്ചത്. രാവിലെ പണിമുടക്ക് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ മുക്കം പി.സി ജങ്ഷനില്‍ വാഹനങ്ങള്‍ തടയുകയും മുത്തൂറ്റ് ബാങ്ക് അടപ്പിക്കുകയും ചെയ്തു. സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി, ടാക്‌സി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ മലയോര മേഖലയിലേക്കുള്ള പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഏതാനും ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മലയോര മേഖലയിലെ ഗ്രാമങ്ങള്‍ ഏറെക്കുറെ സാധാരണ നിലയിലായിരുന്നു. വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കുറ്റ്യാടിയില്‍ കടകള്‍ അടഞ്ഞുകിടന്നു
മലയോര മേഖലയിലെ പ്രധാന ടൗണുകളായ കുറ്റ്യാടി, തൊട്ടില്‍പ്പാലം എന്നിവിടങ്ങളിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നു ഒരു സര്‍വിസും നടത്തിയില്ല. ഇതിനിടെ കുറ്റ്യാടി ടൗണില്‍ പെട്രോള്‍ പമ്പ്, ഏതാനും കടകള്‍ എന്നിവ തുറക്കാന്‍ ശ്രമിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. സ്വകാര്യവാഹനങ്ങള്‍ പൂര്‍ണമായും നിരത്തിലിറങ്ങി.
കൊയിലാണ്ടിയിലും കടകളടഞ്ഞു
കടകള്‍ മുഴുവനായും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനമടക്കം ഏതാനും സ്വകാര്യവാഹനങ്ങള്‍ ഓടിയെങ്കിലും വാഹനങ്ങള്‍ കിട്ടാതെ ജനം വലഞ്ഞു. മത്സ്യമാര്‍ക്കറ്റ് ഭാഗികമായാണു പ്രവര്‍ത്തിച്ചത്. വ്യാപാരികള്‍ കടകള്‍ തുറക്കാനെത്തിയെങ്കിലും പണിമുടക്ക് അനുകൂലികള്‍ അടപ്പിക്കുകയായിരുന്നു. ട്രെയിന്‍ ഗതാഗതവും താറുമാറായി. ഹോട്ടലുകളും പ്രവര്‍ത്തിച്ചില്ല. ഒരു ടീസ്റ്റാള്‍ മാത്രമുള്ള കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷണം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. രോഗികള്‍ കാല്‍നടയായാണ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കുടിവെള്ളം കിട്ടാതെ ഇവരും ദുരിതത്തിലായി.
ബേപ്പൂര്‍ തുറമുഖത്ത് ചരക്കുനീക്കം നടന്നില്ല
തൊഴിലാളികള്‍ മുഴുവനായും പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ തുറമുഖത്തെ ചരക്കുനീക്കം നടന്നില്ല. ഹാര്‍ബറില്‍ ഭാഗികമായി മത്സ്യബന്ധനവും വിപണനവും നടന്നു. ഫറോക്ക് ടൗണിലും ബേപ്പൂരിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചിലയിടങ്ങളില്‍ രാവിലെ കടകള്‍ തുറന്നിരുന്നെങ്കിലും കച്ചവടം നടക്കാത്തതിനാല്‍ ഉച്ചയോടെ പൂട്ടി. കുന്ദമംഗലത്തു ഭാഗികമായി കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
പേരാമ്പ്ര സ്തംഭിച്ചു
പേരാമ്പ്രയില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യമായി ഓടിയതൊഴിച്ചാല്‍ തികച്ചും വിജനമായിരുന്നു പട്ടണം. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ ബസ് സര്‍വിസ് മുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികളും മറ്റു ജില്ലകളില്‍ നിന്ന് ജോലി ആവശ്യാര്‍ഥം എത്തിയ തൊഴിലാളികളും ഭക്ഷണം ലഭിക്കാതെ പ്രയാസപ്പെട്ടു. സാധാരണ തുറക്കാറിള്ള മെഡിക്കല്‍ ഷോപ്പുകളും മില്‍മ പോലെയുള്ള പാല്‍ ഉല്‍പ്പന്ന കടകളും അടഞ്ഞുകിടന്നു.
വടകരയില്‍ ഹര്‍ത്താലിന് സമാനം
വടകരയില്‍ പണിമുടക്കിനു ഹര്‍ത്താലിന്റെ പ്രതീതി. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും ബസുകളും ടാക്‌സികളും ഓട്ടോറിക്ഷകളും വിട്ടുനിന്നു. ജീവനക്കാര്‍ സമരത്തിലായതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വിസ് നടത്തിയില്ല. എപ്പോഴും തിരക്ക് അനുഭവപ്പെടാറുള്ള മാര്‍ക്കറ്റ് റോഡും ക്യൂന്‍സ് റോഡും കോട്ടപ്പറമ്പും ചന്തപ്പറമ്പും വിജനമായി. ഹര്‍ത്താല്‍ പോലുള്ള പ്രതിഷേധ പരിപാടിയില്‍ അടക്കാറുള്ള ചില കടകള്‍ തുറന്നിട്ടുണ്ട്. മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഹ്വാന പ്രകാരം കോട്ടപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ രണ്ടു സ്റ്റാളുകള്‍ തുറന്നു. മരുന്നുകടകളും തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."