ട്രംപിനെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍ എം.പി
തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍ എം.പി. ഖുദ്‌സ് സേനാ തലവനായിരുന്ന ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പകരമായി ട്രംപിനെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ തരുമെന്നാണ് പാര്‍ലമെന്റംഗമായ അഹ്മദ് ഹംസ പ്രഖ്യാപിച്ചിരിക്കുന്നത്. കെര്‍മാന്‍ ജനതക്കു വേണ്ടി അമേരിക്കന്‍ പ്രസിഡന്റിനെ കൊല്ലുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ പണമായി തരും- പാര്‍ലമെന്റില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ജനറല്‍ ഖാസിം സുലൈമാനിയുടെ ജന്‍മദേശമാണ് കെര്‍മാന്‍. എന്നാല്‍ പ്രഖ്യാപനത്തിന് ഇറാന്‍ ആത്മീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ല.
ആണവായുധങ്ങളുണ്ടെങ്കില്‍ ഭീഷണികളില്‍ നിന്ന് രക്ഷ നേടാമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, നവീന ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ദീര്‍ഘ ദൂര മിസൈലുകള്‍ രാജ്യം നിര്‍മിക്കണമെന്നും പറഞ്ഞു. നേരത്തെ അമേരിക്കയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ആണവ സമ്പുഷ്ടീകരണ നിയന്ത്രണങ്ങളില്‍ നിന്ന് തങ്ങള്‍ പിന്‍മാറുന്നുവെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരില്‍ ആഗോള ഉപരോധം ഏര്‍പ്പെടുത്തുന്നപക്ഷം 1968ലെ ആണവ നിരായുധീകരണ ഉടമ്പടിയില്‍ നിന്നും പിന്‍മാറുമെന്നും തിങ്കളാഴ്ച ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ജനുവരി മൂന്നിനാണ് ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്കന്‍ സൈന്യം ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചത്. തുടര്‍ന്ന് ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈലാക്രമണങ്ങള്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."