സഞ്ചാരികളെ കാത്ത് വൈന്തലയിലെ ഓക്‌സ്‌ബോ തടാകം
നജീബ് അന്‍സാരി
മാള: പ്രളയാനന്തരം പ്രകൃതി സൗന്ദര്യത്തിന്റെ പുതിയ ഭാവം ആവാഹിച്ച് സഞ്ചാരികളെ കാത്ത് വൈന്തലയിലെ ഓക്‌സ്‌ബോ തടാകം. വര്‍ഷങ്ങളായി ശുചീകരണമില്ലാതെ പച്ചപ്പുല്‍ മേടുകള്‍ മൂടിയ ഓക്‌സ്‌ബോ തടാകം ചതുപ്പ് നിലമാണെന്നാണ് കാഴ്ചകാര്‍ക്ക് തോന്നിയിരുന്നത്.
പ്രളയത്തില്‍ പുല്‍മേടുകളും പായലുമെല്ലാം തുടച്ച് നീക്കപ്പെട്ടതോടെ തടാകം മുന്‍കാല പ്രകൃതിഭംഗി വീണ്ടെടുത്തിരിക്കുകയാണ്. പതിറ്റാണ്ടുകളായി അടിഞ്ഞ് കൂടിയ ചളി നീക്കം ചെയ്താല്‍ തടാകം കൂടുതല്‍ ആഴമുള്ളതും വിസ്തൃതവുമാകും .
നോക്കെത്താദൂരം പരന്ന് കിടക്കുന്ന വൈന്തല പാളയംപറമ്പിലെ ഓക്‌സ്‌ബോ തടാകം സന്ദര്‍ശകര്‍ക്ക് അപൂര്‍വ ദൃശ്യാനുഭവമാണ് പകരുന്നത്. കാടുകുറ്റി പഞ്ചായത്തിലെ പാളയംപറമ്പില്‍ നാല് ഏക്കര്‍ വിസ്തൃതിയിലുള്ള പ്രകൃതിയുടെ വരദാനമായ ഈ ശുദ്ധജല തടാകം അപൂര്‍വ ഇനം മത്സ്യ സമ്പത്തിന്റേയും ജലജീവികളുടേയും സങ്കേതം കൂടിയാണ്. ചാലക്കുടി പുഴയില്‍ നിന്ന് തൂമുറിതോട് വഴിയാണ് ഈ തടാകത്തിലേക്ക് വെള്ളമെത്തുന്നത്. കുണ്ടൊഴിഞ്ഞാല്‍ തോടു വഴി തടാകം വീണ്ടും ചാലക്കുടി പുഴയുമായി സന്ധിക്കുന്നതിനാല്‍ എല്ലാ കാലത്തും ജലസമൃദ്ധമാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍ദേശാനുസരണം 1998ല്‍ ജൈവ വൈവിദ്യ പഠന രംഗത്തെ ശാസ്ത്ര പ്രതിഭയായ ഡോ. സണ്ണി ജോര്‍ജ് ഈ തടാകത്തിന്റെ പ്രത്യേകതകളെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് ജൈവവൈവിദ്യ ബോര്‍ഡിന് സമര്‍പ്പിക്കുകയുണ്ടായി.
മാറി മാറി ഭരിച്ച സര്‍ക്കാരുകളൊന്നും നാളിതുവരെയായി ഈ തടാകത്തിന്റെ സംരക്ഷണത്തിനും വികസനത്തിനും യാതൊരു പരിഗണനയും നല്‍കിയിട്ടില്ലെന്ന് കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചെങ്കിലും ഫണ്ട് അനുവദിപ്പിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ശ്രമഫലമായി കേന്ദ്ര,സംസ്ഥാന ജൈവ വൈവിദ്യ ബോര്‍ഡ് പ്രതിനിധികള്‍ തടാകം സന്ദേശിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. അമേരിക്കയിലെ ആമസോണ്‍ നദിയോട് ബന്ധപ്പെട്ട് മാത്രമാണ് മറ്റൊരു ഓക്‌സബോ തടാകം ഉള്ളൂ എന്നാണ് ഈ രംഗത്ത് പഠനം നടത്തിയവര്‍ നല്‍കുന്ന വിവരം. തടാകത്തില്‍ അടിഞ്ഞ് കൂടിയ ചളിയും ചണ്ടിയും നീക്കം ചെയ്ത് വിറ്റാല്‍ തന്നെ സംരക്ഷണ ഭിത്തി നിര്‍മിക്കാനുള്ള തുക ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ നിഗമനം.
സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന് കണ്ടല്‍കാടുകള്‍ വച്ച് പിടിപ്പിച്ച് തടാകത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കാം. തടാകത്തിന് ചുറ്റും നടപ്പാത ഒരുക്കിയാല്‍ സന്ദര്‍ശകര്‍ക്ക് ജൈവ വൈവിദ്യങ്ങളുടെ സങ്കേതങ്ങളെ അടുത്തറിയാന്‍ അവസരമാകും.
അപൂര്‍വ ഇനം മത്സ്യ സമ്പത്തിന്റെ കേന്ദ്രമായ ഈ തടാകത്തോടനുബന്ധിച്ച് പുഴമത്സ്യബന്ധനത്തിനും വിപണനത്തിനും സാധ്യതകളുണ്ട്. സൗകര്യങ്ങളൊരുക്കിയാല്‍ ഈ തടാകം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."