പൗരത്വത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ളത് പാര്‍ലമെന്റിനു മാത്രം, നിലപാട് കടുപ്പിച്ച് വീണ്ടും ഗവര്‍ണര്‍, അഭിപ്രായ വ്യത്യാസങ്ങള്‍ പ്രശ്നമല്ല, ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ആവശ്യം
പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കുകയാണ് തന്റെ കടമ. പൗരത്വത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ പാര്‍ലമെന്റിനു മാത്രമാണ് അധികാരം. നിയമസഭയുടെ പരിധിക്ക് പുറത്തുള്ള വിഷയമാണ് ഇത്. ഇക്കാര്യം നിയമസഭ ചര്‍ച്ച ചെയ്യാന്‍ പാടില്ലായിരുന്നു. നിയമം സസ്‌പെന്‍ഡ് ചെയ്തിട്ടു വേണമായിരുന്നു പ്രമേയം പാസാക്കാനെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ മുതിര്‍ന്ന ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് വിശദീകരണം തേടിയശേഷമാണ് താന്‍ ഇക്കാര്യത്തില്‍ മറുപടി പറയുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരേ പ്രമേയം പാസാക്കന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്നത് ഇനി സുപ്രീം കോടതി തീരുമാനിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ ജനങ്ങള്‍ ദേശസ്‌നേഹമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരുമായി കൊമ്പു കോര്‍ക്കുന്ന കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍ വീണ്ടും സര്‍ക്കാരിനെതിരേ രംഗത്തെത്തി. എന്നാല്‍ വിമര്‍ശനത്തില്‍ മയം വരുത്തിയാണ് ഇപ്പോഴെത്തെ പ്രതികരണം. എന്ത് ഉത്തരവുകളും പുറപ്പെടുവിക്കും മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നത് മുഖ്യമന്ത്രിയുടെ കടമയാണെന്ന് അദ്ദേഹം പാലക്കാട്ട് വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങള്‍ പ്രശ്‌നമല്ല. ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ ഭിന്നതകള്‍ സാധാരണമാണ്. എന്നാല്‍ നിയമം പാലിക്കണം. തുറന്ന ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയാറാകണം. അതിനു തയാറാകാത്തതാണ് ഇവിടെ പ്രശ്‌നമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
അതേ സമയം രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കുക എന്നതാണ് തന്റെ കടമയെന്നും അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും സൂചന നല്‍കിയതിലൂടെ താല്‍ക്കാലികമായ വെടിനിര്‍ത്തലിനാണ് ഗവര്‍ണര്‍ തയാറാകുന്നതെന്നാണ് മനസിലാകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായുള്ള കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കേണ്ടതുണ്ട്. കോടതിയുമായുള്ള പ്രശ്‌നങ്ങളും അറിയിക്കണം. അതറിയിക്കാത്തതാണ് ഇവിടെ പ്രശ്‌നം. ഭരണഘടനാപരമായ കര്‍ത്തവ്യം താന്‍ നിര്‍വഹിക്കും. എന്നാല്‍ നയപ്രഖ്യാപന പ്രസംഗം താന്‍ കണ്ടിട്ടില്ലെന്നും പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."