മരവ്യാപാരിയെ കൊലപ്പെടുത്തിയ ഭാര്യയും അയല്‍വാസിയും അറസ്റ്റില്‍
മഞ്ചേശ്വരം(കാസര്‍കോട്): മരവ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും അയല്‍വാസിയും അറസ്റ്റില്‍. തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയിലെ താമസക്കാരനുമായ ഇസ്മാഈലിനെ (50) കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇയാളുടെ ഭാര്യ ആഇശ, അയല്‍വാസിയായ മുഹമ്മദ് ഹനീഫ് (35) എന്നിവരെ മഞ്ചേശ്വരം പൊലിസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്മാഈലിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇസ്മാഈലിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലിസ് ഭാര്യയെ ചോദ്യം ചെയ്തു. എന്നാല്‍ ഇസ്മാഈലിനെ വീടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടപ്പോള്‍ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നു ഇവര്‍ പൊലിസിനു മൊഴി നല്‍കി. അയല്‍വാസിയായ ഹനീഫിന്റെ സഹായത്തോടെയാണ് മൃതദേഹം താഴെയിറക്കിയതെന്നും ഇവര്‍ പൊലിസിനോട് വ്യക്തമാക്കിയിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലിസ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. കഴുത്തില്‍ കയര്‍ കുരുങ്ങി ശ്വാസം മുട്ടി മരിച്ചതായാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് ആഇശയെ വീണ്ടും ചോദ്യം ചെയ്തതോടെ ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഇതേ തുടര്‍ന്ന് 10,000 രൂപ ഹനീഫിന് നല്‍കി കൊല നടത്തുകയുമായിരുന്നുവെന്നും മൊഴി നല്‍കി. അതേ സമയം ആഇശയും ഹനീഫയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇത് ഇസ്മാഈല്‍ അറിഞ്ഞതിനെത്തുടര്‍ന്നാണ് കൊല ആസൂത്രണം ചെയ്തതെന്ന് പൊലിസ് പറഞ്ഞു. ഇതേച്ചൊല്ലി ഇസ്മാഈലും ഹനീഫയും തമ്മില്‍ വഴക്കുണ്ടായും പറയുന്നു. ഹനീഫയുടെ കൂട്ടാളികളായ മറ്റു രണ്ടുപേര്‍ കൂടി ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും പൊലിസ് വ്യക്തമാക്കി.
കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. മഞ്ചേശ്വരം സി.ഐ എ.വി ദിനേശ്, എസ്.ഐ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യാനേഷണമാണ് പ്രതികളെ കുടുക്കിയത്. ഇസ്മാഈലിനും ആയിശക്കും മൂന്നു മക്കളാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."