തോടത്താംകണ്ടി നിവാസികള്‍ എന്നു പാലം കടക്കും
കുറ്റ്യാടി: മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തോടത്താംകണ്ടി കടവില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമായില്ല. രണ്ടു പതിറ്റാണ്ട് മുന്‍പാണ് ഇത്തരമൊരു ആവശ്യം നാട്ടുകാര്‍ അധികൃതര്‍ക്ക് മുന്നില്‍ വച്ചത്. അന്നത്തെ പേരാമ്പ്ര,നാദാപുരം എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്നു പാലത്തിന്റെ രുപരേഖ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ല. കുറ്റ്യാടി, കോഴിക്കോട് സംസ്ഥാനപാതയില്‍ നിന്നു തോടത്താംകണ്ടി കടവുവരെ ടാര്‍റോഡ് നിലവിലുണ്ട്. മറുഭാഗത്തു മരുതോങ്കര പഞ്ചായത്തിലും പുഴവരെ റോഡ് നിലവിലുണ്ട്. ഈ രണ്ട് റോഡുകളെയും ബന്ധിപ്പിച്ച് കുറ്റ്യാടി പുഴക്ക് കുറുകെ പാലം വന്നാല്‍ മലയോര പഞ്ചായത്തുകളില്‍ വലിയ വികസന സാധ്യതകളാണ് ഉള്ളതെന്നു നാട്ടുകാര്‍ പറയുന്നു.
വയനാട്, തൊട്ടില്‍പ്പാലം, പശുക്കടവ്, മുള്ളന്‍കുന്ന്, മരുതോങ്കര ഭാഗങ്ങളില്‍നിന്ന് പേരാമ്പ്രയിലേക്കും കോഴിക്കോട്ടേക്കും പോകുന്ന വാഹനങ്ങള്‍ക്ക് കുറ്റ്യാടി ടൗണില്‍ പ്രവേശിക്കാതെ എളുപ്പത്തില്‍ സംസ്ഥാനപാതയില്‍ എത്താനാകും.
ഇതു കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാനും സഹായിക്കും. ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രത്തിലേക്കും പന്തീരിക്കര, കൂരാച്ചുണ്ട്, ബാലുശ്ശേരി എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
തോടത്താംകണ്ടി ഭാഗത്തുള്ളവര്‍ മഴക്കാലങ്ങളില്‍ കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇപ്പോള്‍ കുറ്റ്യാടിയുള്പ്പെടെയുള്ള പ്രദേശങ്ങളില്‍ എത്തുന്നത്. വേനല്‍ക്കാലത്ത് പുഴ മുറിച്ചുകടന്ന് എളുപ്പത്തില്‍ കുറ്റ്യാടിയുമായി ബന്ധപ്പെടാം. പാലം നിര്‍മാണത്തിനു വേണ്ടി ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകള്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം ചവറമുഴി പുഴക്ക് പാലം എന്ന ആവശ്യവുമായി കഴിഞ്ഞദിവസം നാട്ടുകാര്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."