സെന്‍സസ് എന്‍.പി.ആറിലേക്ക് എത്തുമോ
എന്‍.സി ഷെരീഫ്
മഞ്ചേരി: സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ അനായാസം എന്‍.പി.ആര്‍ നടപ്പാക്കാനാകുമെന്ന് വിലയിരുത്തല്‍.
എന്‍.പി.ആര്‍ വിവരശേഖരണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിനുകീഴിലുള്ള ഡയരക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍ കേരള പുറത്തിറക്കിയ സര്‍ക്കുലര്‍ നമ്പറും നഗരസഭകളില്‍നിന്നും താലൂക്ക് ഓഫിസുകളില്‍നിന്നും വിദ്യാലയങ്ങളിലേക്ക് അയച്ച സെന്‍സസ് സംബന്ധിച്ച സര്‍ക്കുലര്‍ നമ്പറും ഇതിനെ ശരിവയ്ക്കുന്നതാണ്. പൗരത്വ നിയമ ദേദഗതിക്കെതിരേയുള്ള ശക്തമായ പ്രതിഷേധങ്ങളെ നേരിടാതെ സെന്‍സസിന്റെ പേരില്‍ എന്‍.പി.ആര്‍ നടപ്പാക്കാനുള്ള എളുപ്പ വഴിയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. 31/32 ളശലഹറ ീുലൃമശേീി െ2019 എന്നാണ് 2020 ജനുവരി 14ന് ഡയരക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍ കേരള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ രേഖപ്പെടുത്തിയത്. ഈ ഉത്തരവില്‍ എന്‍.പി.ആറിനെ കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
സെന്‍സസ് വിവരശേഖരണത്തിനും ഇതേ നമ്പറിലുള്ള ഉത്തരവ് തന്നെയാണ് ഉപയോഗിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും താലൂക്ക് ഓഫിസുകളും സെന്‍സസിനായി സ്വന്തം ലെറ്റര്‍ ഹെഡില്‍ നല്‍കുന്ന പ്രത്യേക നിര്‍ദേശത്തിലും രേഖപ്പെടുത്തുന്നത് എന്‍.പി.ആര്‍ സംബന്ധിച്ച ഉത്തരവിലുള്ള നമ്പറിനെയാണ്.
ചില നഗരസഭകള്‍ എന്‍.പി.ആര്‍ പരാമര്‍ശം മറച്ചുകൊണ്ടാണ് വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെങ്കിലും അതിലും എന്‍.പി.ആര്‍ ഉത്തരവിലെ നമ്പറാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് സെന്‍സസ് സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥാപനമായ ഡയരക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍ കേരളയാണ്. ഇതുപ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളിലും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ ഇതോടൊപ്പം എന്‍.പി.ആര്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കമാണ് സംശയം ജനിപ്പിക്കുന്നത്.
സെന്‍സസിനും എന്‍.പി.ആറിനും വ്യത്യസ്ത ഉത്തരവുകള്‍ പുറപ്പെടുവിപ്പിച്ചാല്‍ മാത്രമെ ആശങ്കകള്‍ അകറ്റാനാകൂ. ഒരു ഉത്തരവിലൂടെ എന്‍.പി.ആറും സെന്‍സസും നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതിനാല്‍ സെന്‍സസ് വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കാന്‍ കേന്ദ്രത്തിന് നിയമ തടസങ്ങള്‍ ഉണ്ടാവില്ലെന്നാണ് നിയമരംഗത്തുള്ളവരുടെ വിലയിരുത്തല്‍. എന്‍.പി.ആറും സെന്‍സസും നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ജനുവരി 14ന് ഇറക്കിയ നിലവിലെ ഉത്തരവ് സെന്‍സസിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉപയോഗിച്ച് എന്‍.പി.ആര്‍ നടപ്പാക്കുമെന്ന സംശയമാണ് ഉയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ എന്‍.പി.ആറുമായി സഹകരിക്കേണ്ടതില്ലെന്ന് പറയുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സ്‌കൂളുകളിലേക്ക് അയക്കുന്ന നിര്‍ദേശങ്ങള്‍ എന്‍.പി.ആര്‍ ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് യാഥാര്‍ഥ്യം.
എന്‍.പി.ആറിനെ തള്ളിപ്പറഞ്ഞും സെന്‍സസ് നടപടികളോട് സഹകരിച്ചും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം അപകടത്തിലേക്കാണെന്ന സൂചനയും നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സെന്‍സസ് വിവരശേഖരണം പൂര്‍ത്തിയായാല്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്താലും കേന്ദ്രത്തിന് ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കി എന്‍.പി.ആര്‍ നടപ്പാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."