ജനാധിപത്യത്തെ നിര്‍ണയിച്ച സൈദ്ധാന്തികനായിരുന്നു ഉണ്ണിരാജ: കാനം രാജേന്ദ്രന്‍
കുന്നംകുളം: ഭാരതത്തിലെ ജനാധിപത്യ വിപ്ലവത്തിന്റെ ഘട്ടങ്ങള്‍ നിര്‍ണയിച്ച മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്നു സി. ഉണ്ണിരാജയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
കുന്നംകുളത്ത് നടന്ന സി. ഉണ്ണിരാജ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തോടും വിശ്വാസത്തോടുമുള്ള കമ്മ്യൂണിസ്റ്റ് സമീപനത്തെക്കുറിച്ച് വ്യക്തമായ അപഗ്രഥനങ്ങള്‍ ഉണ്ണിരാജയുടേതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ചടങ്ങില്‍ അധ്യക്ഷനായി. വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ മുഖ്യാതിഥിയായിരുന്നു. മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെ സാധാരണക്കാര്‍ക്ക് ഗ്രാഹ്യമാകും വിധം ലളിതവല്‍കരിച്ചവരില്‍ ഒരാളാണ് ഉണ്ണിരാജയെന്നും മതവും ജാതിയും നിര്‍ണായക ഘടകങ്ങളായ ഭാരതത്തെ വര്‍ഗീയ ശക്തികള്‍ പരമാവധി ദുരുപയോഗിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഉണ്ണിരാജയുടെ ദര്‍ശനങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വെളിച്ചമാണെന്നും എ.സി മൊയ്തീന്‍ പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരേയും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരേയും ചടങ്ങില്‍ ആദരിച്ചു. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍, സി.എന്‍.ജയദേവന്‍ എം.പി, മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍, കെ.രാജന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ. എ.കെ ചന്ദ്രന്‍, എന്‍.കെ സുബ്രഹ്മണ്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."