ഇടുക്കി ഡാമിന്റെ ബലം പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം
തൊടുപുഴ: ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ആര്‍ച്ച് ഡാമായ ഇടുക്കിയെ ബന്ധിപ്പിക്കുന്ന കുറവന്‍-കുറത്തി മലകള്‍ ദുര്‍ബലമെന്ന് സംശയം. ഈ സാഹചര്യത്തില്‍ ആര്‍ച്ച് ഡാമിന്റെ ബലം ശാസ്ത്രീയ പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കെ.എസ്.ഇ.ബി തയാറെടുക്കുന്നു. ലോകത്തുതന്നെ അപൂര്‍വമായ ആര്‍ച്ച് ഡാമുകള്‍ക്ക് മര്‍ദ്ദം താങ്ങാനുള്ള ശേഷി കൂടുതലാണ്. രൂപകല്‍പ്പന അനുസരിച്ച് ഇത്തരം ഡാമുകളുടെ സമ്മര്‍ദ്ദം വശങ്ങളിലെ മലകളിലേക്കാണ് ഏറെയും സംക്രമിക്കുന്നത്. അതിനാല്‍ മലയില്‍ വരുന്ന മാറ്റങ്ങള്‍ ആര്‍ച്ച് ഡാമുകളുടെ സുരക്ഷയെ ബാധിക്കും. കുറവന്‍-കുറത്തി മലകളാണ് ഇടുക്കി ആര്‍ച്ച് ഡാമിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ഈ മലകള്‍ക്കുണ്ടാകുന്ന ദുര്‍ബലതയാണ് അണക്കെട്ടിന് ഭീഷണിയാകുന്നത്. കുറവന്‍-കുറത്തി മലകളില്‍ നിന്നുള്ള പാറ വീഴ്ച ഈ പശ്ചാത്തലത്തില്‍ വന്‍ ഭീഷണിയാകുകയാണ്.
ശനിയാഴ്ച രാവിലെ 11.21 ഓടെ കുറവന്‍ മലയില്‍ നിന്ന് കൂറ്റന്‍പാറ അടര്‍ന്ന് വീണിരുന്നു. കുറവന്‍ മലയുടെ മധ്യഭാഗത്ത് നിന്ന് 500 അടിയോളം ഉയരത്തില്‍ നിന്നാണ് പാറപാളി അടര്‍ന്ന് താഴേക്ക് പതിച്ചത്. ഡാമിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ഗാലറികള്‍ തകര്‍ത്ത് ഡാമിലും മലയിലും ഇടിച്ച് വന്‍ ശബ്ദത്തോടെയാണ് താഴേക്ക് വീണത്. 2016 സെപ്തംബര്‍ 24നും കുറവന്‍ മലയില്‍നിന്നു പാറ അടര്‍ന്നു വീണിരുന്നു. മൂന്നു വര്‍ഷം മുമ്പ് കുറത്തി മലയില്‍നിന്നു ഇതേതരത്തില്‍ കൂറ്റന്‍ പാറകള്‍ അടര്‍ന്നു വീണിരുന്നു. അടര്‍ന്നുവീഴാന്‍ ഓങ്ങിനില്‍ക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ ഇനിയും നിരവധിയുണ്ടിവിടെ.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം വൈദ്യുതി മന്ത്രി എം.എം മണി അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രിയുടെ നിര്‍ദേശപ്രകാരം കെ.എസ്.ഇ.ബി ജനറേഷന്‍ ഡയറക്ടര്‍ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം ഇന്നലെ ഇടുക്കി അണക്കെട്ടിലെത്തി പരിശോധനകള്‍ നടത്തി. അണക്കെട്ടിന്റെ ബലം ശാസ്ത്രീയ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനുള്ള നിര്‍ദേശമാണ് ഉയര്‍ന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ ജിയോളജിസ്റ്റുകളുടെ സംഘം അടുത്തയാഴ്ച അണക്കെട്ട് മേഖല സന്ദര്‍ശിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി സ്വീകരിക്കുന്നത്. മലയും പാറയും ചേരുന്ന ഭാഗം വികസിച്ചതാകാം പാറ ഇളകി വീഴാന്‍ കാരണമെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അടര്‍ന്നു വീണ ഭാഗത്തെ ശേഷിക്കുന്ന അടുക്ക് ഇളകിവീഴാന്‍ സാധ്യതയുണ്ട്. ഇളകാന്‍ സാധ്യതയുള്ള പാറകളില്‍ റോക്ക് ബോള്‍ട്ട് ചെയ്ത് ഇരുമ്പുവല ഉപയോഗിച്ച് ഗ്രൗട്ടിങ് നടത്തി സുരക്ഷാകവചമൊരുക്കുകയാണ് ഉചിതമായ പരിഹാരമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
2009 ജൂണില്‍ 65 ലക്ഷം രൂപ മുടക്കി വൈദ്യുതി ബോര്‍ഡ് ഡാമിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് ഗ്രൗട്ടിങ് നടത്തിയിരുന്നു. ആര്‍ച്ചിനെ ബന്ധിപ്പിക്കുന്ന മലയുടെ അടിഭാഗത്താണ് 1440 അടി വിസ്തൃതിയില്‍ ഗ്രൗട്ടിങ് നടത്തിയത്. ഇരുമ്പ് വല, സിമന്റ്, മണല്‍, ആറ് മില്ലീമീറ്റര്‍ വലുപ്പമുള്ള മെറ്റല്‍ എന്നിവ ഉപയോഗിച്ച് ഉയര്‍ന്ന മര്‍ദ്ദത്തിലാണ് കോണ്‍ക്രീറ്റിങ് നടത്തിയത്. മൂന്നു വര്‍ഷം മുന്‍പ് ഡാമിന്റെ ബലം പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. കുറവന്‍ മലയ്ക്ക് 839 മീറ്ററും കുറത്തി മലയ്ക്ക് 925 മീറ്ററും ഉയരമുണ്ട്. 4.64 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് ഡാം നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."