മലയാളി ദമ്പതികളുടെ കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
മംഗളൂരു: പുത്തൂരിലെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പുത്തൂര്‍ കൊടിമ്പല ഉണ്ഡിലയില് താമസക്കാരായിരുന്ന ബേബി തോമസ്, ഭാര്യ മേരി തോമസ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുടക് സോമവാര്പെട്ടിലെ മുഹമ്മദ് റഫീഖ് എന്ന റഫീഖ്, ബെല്‍ത്തങ്ങാടി നുകിയാലുവിലെ മുഹമ്മദ് കമാലുദ്ദീന് എന്ന സൈദു എന്നിവരെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2012 സെപ്റ്റംബര്‍ 25 നു അര്ധരാത്രിയിലായണ് ദമ്പതികളായ എറണാകുളം കോതമംഗലം വടാട്ടുപാറ മേരിക്കുഴിക്കാട്ടില് മേരി, കോട്ടയം രാമപുരം സ്വദേശി ബേബി തോമസ് എന്നിവരെ കൊലപ്പെടുത്തിയത്. തോമസിന്റെ മൃതദേഹം കഴുത്തിനു വെട്ടേറ്റ നിലയില്‍ വീട്ടിനുള്ളിലും ഭാര്യ മേരിയുടെ മൃതദേഹം കാര്‍ പോര്ച്ചിലുമാണു കണ്ടെത്തിയത്. തോമസിന്റെ വീടിനു മതില് കെട്ടുന്നതിന് വെട്ടുകല്ല് നല്കാന് സയീദ് കരാറിലേര്‍പ്പെട്ടിരുന്നു.
ഇതോടെയാണ് തോമസിന്റെ കുടുംബവുമായി ഇരുവരും ചങ്ങാത്തത്തിലായത്. തോമസിന്റെ ഫോണിലേക്കു വന്ന കോളുകളില്‍ സോമവാര്‍പേട്ട് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലിസിന് സുപ്രധാനമായ സൂചനകള്‍ ലഭിച്ചത്. മോഷ്ടിച്ച ആഭരണങ്ങള്‍ വില്ക്കാന് ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. കഡബ പൊലിസാണ് പ്രതികളെ പിടികൂടി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."