HOME
DETAILS
MAL
പ്രതിഷേധക്കാര്‍ക്കുനേരെ വെടിവച്ചയാള്‍ക്ക് മാനസികാസ്വാസ്ഥ്യമെന്ന് കുടുംബം
backup
February 01 2020 | 06:02 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹി ജാമിഅ മില്ലിയ്യയ്ക്കു സമീപം പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവയ്പ് നടത്തിയ പ്രതിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം വിവാദമാകുന്നു. പതിനേഴുകാരനായ പ്രതി പ്ലസ് വണ്‍ വിദ്യാര്‍ഥിയാണെന്നും മാനസികാസ്വാസ്ഥ്യമുണ്ടെന്നും കുടുംബം അവകാശപ്പെട്ടതോടെ, ഇയാളുടെ പ്രായം തെളിയിക്കാന്‍ പരിശോധന നടത്താനൊരുങ്ങുകയാണ് അധികൃതര്‍.
ഉത്തര്‍പ്രദേശിലെ ജേവാറില്‍ സ്‌കൂളില്‍ പഠിക്കുന്ന പ്രതിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അയാളുടെ സി.ബി.എസ്.ഇ മാര്‍ക്ക് ലിസ്റ്റില്‍ പ്രശ്‌നങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. 2002 ഏപ്രില്‍ മാസത്തിലാണ് പ്രതി ജനിച്ചതെന്നു വ്യക്തമാക്കുന്ന സ്‌കൂള്‍ അധികൃതര്‍, എന്നാല്‍ അയാള്‍ നടത്തിയ ആക്രമണത്തെ എതിര്‍ക്കുകയും ചെയ്തു. അതേസമയം, സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രതിക്ക് ആക്രമണം നടത്താന്‍ പ്രേരണ ലഭിച്ചതെന്നും താന്‍ നടത്തിയ കാര്യത്തില്‍ അയാള്‍ക്കു കുറ്റബോധമില്ലെന്നും പൊലിസ് അറിയിച്ചു. അക്രമി ഷഹീന്‍ബാഗിലെ സമരത്തെ ലക്ഷ്യംവച്ചിരുന്നതായും പൊലിസ് വ്യക്തമാക്കുന്നുണ്ട്.
സ്‌കൂളിലേക്കെന്നു പറഞ്ഞാണ് പ്രതി വീട്ടില്‍നിന്നു പോയതെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍, പ്രാദേശിക ആഘോഷം കാരണം സ്‌കൂളിന് ദിവസങ്ങളായി അവധിയായിരുന്നെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. സുഹൃത്തില്‍നിന്നാണ് പ്രതി തോക്ക് സംഘടിപ്പിച്ചതെന്ന വാദവും ഏറെ സംശയമുയര്‍ത്തുന്നതാണ്.
ബസില്‍ ഡല്‍ഹിയിലെത്തിയപ്രതി ഷഹീന്‍ബാഗിലേക്കു പോകാന്‍ ഓട്ടോയില്‍ കയറിയെന്നും എന്നാല്‍ ഓട്ടോ ഡ്രൈവര്‍ അവിടേക്കു പോകാന്‍ തയാറാകാതെ ജാമിഅയ്ക്കു മുന്‍പില്‍ ഇറക്കിവിട്ടെന്നുമാണ് പൊലിസ് വിശദീകരിക്കുന്നത്. അവിടെ പ്രതിഷേധം നടക്കുന്നതു ശ്രദ്ധയില്‍പെട്ടപ്രതി തുടര്‍ന്നു ഫേസ്ബുക് ലൈവില്‍ വരികയും പിന്നീട് ആക്രമണം നടത്തുകയുമായിരുന്നെന്നാണ് വിശദീകരണം.
'ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം' എന്നുപറഞ്ഞ് തോക്കുചൂണ്ടി പ്രതിഷേധക്കാര്‍ക്കു നേരെയെത്തിയ പ്രതിയെ പൊലിസ് ആദ്യത്തില്‍ തടയാതെ നോക്കിനില്‍ക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
പിന്നീട് പൊലിസ് കൊണ്ടുപോകുമ്പോള്‍ 'ഡല്‍ഹി പൊലിസ് സിന്ദാബാദ് ' എന്നു പ്രതി വിളിച്ചുപറയുന്നുമുണ്ട്. വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഡല്‍ഹി കോടതി 14 ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."