വികലാംഗര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിന്റെ മറവില്‍ നിയമന തട്ടിപ്പെന്ന് ആക്ഷേപം
പത്തനംതിട്ട: സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ വികലാംഗര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ടമെന്റിന്റെ മറവില്‍ ജോലിയില്‍ പ്രവേശിച്ചവരില്‍ ഭൂരിഭാഗവും അനര്‍ഹരാണെന്ന് ആക്ഷേപം. ഇത്തരക്കാരെ കണ്ടെത്തുന്നതിന് നടപടി വേണമെന്നുമുള്ള ആവശ്യം സര്‍ക്കാര്‍ അട്ടിമറിക്കുന്നതായും ആക്ഷേപമുണ്ട്.
ഏകദേശം 1500ല്‍ അധികം ആളുകള്‍ വികലാംഗ തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ അതില്‍ 20 ശതമാനത്തില്‍ അധികവും പ്രത്യക്ഷത്തില്‍ വികലാംഗരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലരും മെഡിക്കല്‍ ബോര്‍ഡിനെ സ്വാധീനിച്ച് 40 ശതമാനത്തില്‍ അധികം വൈകല്യമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ജോലിയില്‍ പ്രവേശിക്കുന്നവരാണെന്ന് വികലാംഗ ഐക്യ അസോസിയേഷന്‍ ആരോപിക്കുന്നു.
40 ശതമാനത്തില്‍ അധികം വൈകല്യമുള്ളവരെയാണ് വികലാംഗരായി കണക്കാക്കേണ്ടതെന്ന് 1995ലെ പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി ആക്ടില്‍ വ്യക്തമാക്കുന്നുണ്ട്. വൈകല്യം മാത്രമല്ല, പരസഹായത്തോടെ മാത്രമേ ഇവര്‍ക്ക് ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാവൂ എന്ന വ്യവസ്ഥയും നിലവിലുണ്ട്. ബധിര-മൂകര്‍ക്ക് 40 ശതമാനം, കാഴ്ച-കേള്‍വിക്കുറവ് 40 ശതമാനം, സംസാരിക്കാന്‍ മാത്രമുള്ള ശേഷിക്കുറവ് 50 ശതമാനം, കേള്‍വിക്കുറവ് മാത്രം 50 ശതമാനം, അസ്ഥി സംബന്ധമായ വൈകല്യം 50 ശതമാനം എന്നിങ്ങനെയാണ് വൈകല്യമുള്ളവര്‍ക്ക് ജോലി ലഭിക്കാനുള്ള മാനദണ്ഡം. എന്നാല്‍ ഇതൊന്നുമില്ലാത്തവരാണ് സംസ്ഥാന സര്‍ക്കാരില്‍ വിവിധ പദവികളിലുള്ളത്.
1981 മുതലാണ് സംസ്ഥാനത്ത് വികലാംഗര്‍ക്കായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നിലവില്‍ വന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനും എംപ്ലോയ്‌മെന്റ് ഓഫിസര്‍ കണ്‍വീനറുമായ സമിതിയാണ് അര്‍ഹരായ വികലാംഗരെ ജോലിക്കായി തെരഞ്ഞെടുത്തിരുന്നത്. 50 ശതമാനം വികലാംഗത്വമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റാണ് പ്രധാന തെളിവ്. രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മര്‍ദവും കൈക്കൂലിയുമൊക്കെ നല്‍കി പലരും യഥാര്‍ഥ വികലാംഗര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം തട്ടിയെടുക്കുകയാണ്.
1995ല്‍ വികലാംഗ സംരക്ഷണനിയമം വന്നപ്പോള്‍ തൊഴില്‍ മേഖലയില്‍ മൂന്ന് ശതമാനം സംവരണം അനുവദിച്ചിരുന്നു. അസ്ഥി സംബന്ധം, കേള്‍വിക്കുറവ്, കാഴ്ചക്കുറവ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്കായി ഒന്നുവീതം സംവരണം ഏര്‍പ്പെടുത്തി.
1996 മുതല്‍ 2006 വരെ ഈ രീതി തുടര്‍ന്നുവന്നു. 2007ലാണ് വികലാംഗ നിയമനം പി.എസ്.സിക്കു വിട്ടത്. എന്നാല്‍ 50 ശതമാനം വികലാംഗത്വമുണ്ടെന്നുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ ആരോഗ്യമുള്ള പലരും ഇത്തരത്തില്‍ ഇപ്പോഴും പി.എസ്.സിയെ കബളിപ്പിച്ച് ജോലിക്കു പ്രവേശിക്കുന്നുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."