വെള്ളമില്ല: ഇടുക്കി ഗവ.എഞ്ചിനീയറിംഗ് കോളജ് പൂട്ടി 1300 ഓളം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍
പൈനാവ് : കുടിവെളളം കിട്ടാക്കനിയായതോടെ ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ് പൂട്ടി. ഹോസ്റ്റലിലും, കോളജിലും വെള്ളമില്ലാതായതോടെയാണ് കോളജ് പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. കുടിവെള്ള ക്ഷാമം ഹൈറേഞ്ചില്‍ രൂക്ഷമായതിന്റെ നേര്‍ക്കാഴ്ചയോടെയാണ് ചരിത്രത്തിലാദ്യമായി ഇത്തരമൊരു നടപടിക്ക് കോളജ് തയ്യാറായത്.
ഒരാഴ്ചത്തേയ്ക്കാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചതെങ്കിലും കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് ഇതുവരെ ആയിട്ടില്ല. ഇതിനാല്‍ തന്നെ ഇനിയും ഏറെ നാള്‍ കഴിഞ്ഞേ കോളജ് തുറക്കാന്‍ സാധ്യതയുള്ളൂ. 1300 വിദ്യാര്‍ഥികളാണ് കോളജിലുള്ളത്. സെമസ്റ്റര്‍ പരീക്ഷ അടുത്തപ്പോള്‍ ആകസ്മികമായെത്തിയ നടപടി വിദ്യാര്‍ഥികള്‍ക്കും ഇരുട്ടടിയായി.
93 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ബോയ്‌സ് ഹോസ്റ്റലുകളിലൊന്നില്‍ വെളളമില്ലതായതോടെ 5 ദിവസം മുമ്പ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചിരുന്നു. 4 ദിവസത്തിനുള്ളില്‍ വെള്ളം ഹോസ്റ്റലില്‍ എത്തിച്ച് നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്. ഹോസ്റ്റലിലേയ്ക്ക് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും കണക്ഷന്‍ എടുക്കുവാന്‍ കോളജ് അധികൃതര്‍ ശ്രമിച്ചെങ്കിലും നാലര ലക്ഷത്തോളം രൂപ കോളജിന്റെ കുടിശ്ശിക വാട്ടര്‍ അതോറിറ്റിയില്‍ നിലനില്‍ക്കുന്നതാനാല്‍ ഈ ഉദ്യമം പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഹോസ്റ്റലും, കോളജും പൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. കോളജിലെ ആവശ്യത്തിനായി സ്വന്തം കുളത്തിലെ ജലമായിരുന്നു ഇതുവരെ ഉപോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2 ലക്ഷം ലിറ്റര്‍ ജലം ഉണ്ടായിരുന്ന സ്ഥാനത്ത് കോളജിന്റെ കുളത്തില്‍ അവശേഷിക്കുന്നത് 10000 ലിറ്റിര്‍ വെള്ളമാണ്. ഇത് കോളജിന്റെ ഒരു ദിവസത്തെ പ്രവര്‍ത്തനത്തിനുപോലും പര്യാപ്തമല്ലായെന്ന് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി വിജയന്‍ പറഞ്ഞു. ഹൈറേഞ്ചിലെ പല മേഖലകളിലും കുടിവെള്ളം കിട്ടാക്കനിയാണ്. ഇടുക്കി ജലാശയത്തിനോടു ചേര്‍ന്നു കിടക്കുന്ന ഡാംടോപ്പ്, പ്രിയദര്‍ശിനി മേട്, വാഴത്തോപ്പ്, പെരുംങ്കാല, മണിയാറന്‍കുടി ഉള്‍പ്പടെയുളള മേഖലകളില്‍പോലും കുടിവെളളമില്ല.
മുന്‍ വര്‍ഷങ്ങളില്‍ ജലസേചന വകുപ്പും, പ്രാദേശിക ഭരണകൂടങ്ങളും നിരവധി ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചെങ്കിലും അഴിമതിയും, നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലവും പല ചെക്ക് ഡാമുകളും വറ്റി വരണ്ട അവസ്ഥയിലാണ്. മാത്രമല്ല കസ്തൂരിരംഗന്‍ സമരങ്ങളുടെ മറവില്‍ ഹൈറേഞ്ചില്‍ നിന്നും വ്യാപാകമായി മരങ്ങള്‍ വെട്ടിയിറക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."