തൃശൂരിലെ രോഗിയുടെ നില തൃപ്തികരം; പ്രതിരോധ നടപടികള്‍ സജീവം
തൃശൂര്‍: ആലപ്പുഴ ജില്ലയില്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തൃശൂരില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ജനുവരി 15 നു ശേഷം വുഹാനില്‍ നിന്ന് വന്നവരുമടക്കം 30 പേരുടെ സാമ്പിളുകള്‍ എടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചു.
നേരത്തെ പരിശോധനയ്ക്ക് അയച്ച 15 സാമ്പിളുകള്‍ക്ക് പുറമേയാണിത്.ഇതിനകം 8 സാമ്പിളുകളുടെ ഫലം ലഭിച്ചതില്‍ പുതുതായി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടു കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിയെ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
രോഗം സ്ഥിരീകരിച്ച വിദ്യാര്ഥിനിയോടൊത്ത് കൊല്‍ക്കത്തയില്‍ നിന്നും വിമാന യാത്ര ചെയ്ത മറ്റു ജില്ലകളില്‍ നിന്നുമുള്ള 38 പേരെ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.തൃശൂരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ നില കൂടുതല്‍ മെച്ചപ്പെട്ടു.
അതേസമയം ചൈനയില്‍ നിന്നും വന്നവരില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ചില ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അങ്ങനെയുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്നും അല്ലാത്തപക്ഷം കര്‍ശന നടപടികളിലേയ്ക്ക് പോകേണ്ടിവരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വ്യാജ വാര്‍ത്ത:
രണ്ടുപേര്‍കൂടി പിടിയില്‍
തൃശൂര്‍:കൊറോണ രോഗവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു.
പെരിഞ്ഞനം ഇല്ലിക്കല്‍ വീട്ടില്‍ ഷാജിത ജമാല്‍ (41),കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഷംല (43) എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."