HOME
DETAILS
MAL
ട്രംപിന്റെ പദ്ധതി അറബ് ലീഗ് തള്ളി
backup
February 03 2020 | 03:02 AM
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതി സ്വീകാര്യമല്ലെന്നും പൂര്‍ണമായും തള്ളുന്നതായും അറബ് ലീഗ്. പദ്ധതി ഫലസ്തീന്‍ ജനതയോട് ചെയ്ത അന്യായമാണെന്നും ഈജിപ്തിലെ കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് അടിയന്തിര കൗണ്‍സില്‍ യോഗം വ്യക്തമാക്കി. യു.എസ്-ഇസ്‌റാഈല്‍ കരാര്‍ നിരസിക്കുന്നതായി വ്യക്തമാക്കിയ അറബ് ലീഗ്, ഈ പദ്ധതി ഫലസ്തീന്‍ ജനതയുടെ കുറഞ്ഞ നിലയിലുളള അവകാശങ്ങളും അഭിലാഷങ്ങളും പോലും അനുവദിച്ചു നല്‍കുന്നതല്ലെന്നും കുറ്റപ്പെടുത്തി.
ഈ പദ്ധതി നടപ്പിലാക്കാന്‍ യു.എസ് ഭരണകൂടവുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്നും അറബ് ലീഗ് നേതാക്കള്‍ പറഞ്ഞു. അമേരിക്കന്‍ നിര്‍ദേശത്തോട് ദേഷ്യത്തോടെ പ്രതികരിച്ച പലസ്തീന്റെ ആവശ്യത്തെ തുടര്‍ന്നാണ് കെയ്‌റോയില്‍ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ചേര്‍ന്നത്. ഇസ്‌റഈല്‍-പലസ്തീന്‍ പോരാട്ടം അവസാനിപ്പിക്കുന്നതിന് അമേരിക്ക കൊണ്ടുവന്ന പദ്ധതിയെ അപലപിച്ച അറബ് ലീഗ് യോഗത്തില്‍, യു.എസുമായും ഇസ്‌റാഈലുമായുമുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അതേസമയം, ഫലസ്തീനികള്‍ക്ക് നിയമാനുസൃതമായ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിലും ജറുസലേം തലസ്ഥാനമായ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും മാത്രമേ പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സാധിക്കൂവെന്ന് സഊദി അറേബ്യ വ്യക്തമാക്കി. ബുര്‍കിനാഫസോയില്‍ നടക്കുന്ന പതിനഞ്ചാമത് ഒ.ഐ.സി ഉച്ചകോടിയില്‍ സഊദി ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഡോ. അബ്ദുല്ല അല്‍ ശൈഖാണ് സഊദി നിലപാട് വ്യക്തമാക്കിയത്. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന് വലിയ ഉത്തരവാദിത്തമാണ് നിര്‍വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങളെയും സഊദി ശക്തമായി അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."