കൊല്ലത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ എട്ടുമരണം
കൊല്ലം: ഇന്നലെ കൊല്ലത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ എട്ടുപേര്‍ മരിച്ചു. ആയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരും കാര്‍ ഡ്രൈവറും പൂയപ്പള്ളിയില്‍ ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലിടിച്ചു രണ്ട് യുവാക്കളുമാണ് മരിച്ചത്. അകമണ്ണില്‍ ഉച്ചക്ക് 1.15ന് കട്ടപ്പനയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചറും ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയവരുടെ ആള്‍ട്ടോ കാറും കൂട്ടിയിടിച്ചാണ് ആറുപേര്‍ മരിച്ചത്. പത്തനംതിട്ട വടശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ നേവി ഉദ്യോഗസ്ഥനായിരുന്ന സുരേഷിന്റെ ഭാര്യ മിനി (47), മകള്‍ അഞ്ജന (20), മിനിയുടെ സഹോദരന്‍ മനോജിന്റെ ഭാര്യ കവിയൂര്‍ പടിഞ്ഞാറേശേരില്‍ മണ്ണാക്കുന്നില്‍ വീട്ടില്‍ സ്മിത (27), മക്കളായ ഹര്‍ഷ (മൂന്നര), അഭിനജ് (8), ചെങ്ങന്നൂര്‍ ആലയില്‍ കോണത്തേത്ത് വീട്ടില്‍ സുദര്‍ശന്‍-രജനി ദമ്പതികളുടെ മകനും കാര്‍ ഡ്രൈവറുമായ അരുണ്‍ (21) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ കാര്‍ എതിരേവന്ന ബസില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഞ്ചുപേര്‍ സംഭവസ്ഥലത്തും അഭിനജ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലിസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കൊട്ടാരക്കര റൂറല്‍ എസ്.പി ബി. അശോകന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലിടിച്ചാണ് വെളിനല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ ഹയറുന്നീസയുടെ മകന്‍ അല്‍അമീന്‍ (23), കരിങ്ങന്നൂര്‍ ഏഴാംകുറ്റി തെക്കേമുക്ക് ഇടയ്ക്കല്‍ കോളനിയില്‍ ശ്രീക്കുട്ടി വിലാസത്തില്‍ തുളസി-പേബി ദമ്പതികളുടെ മകന്‍ ശ്രീക്കുട്ടന്‍ (20) എന്നിവര്‍ മരിച്ചത്. വെള്ളിയാഴ്ചരാത്രി 11 നാണ് സംഭവം. ഓയൂരില്‍ നിന്ന് പൂയപ്പള്ളി ഭാഗത്തേക്കുപോയ ബൈക്ക് മരുതമണ്‍പള്ളി മാക്രിയില്ലാകുളത്തിനു സമീപം വളവില്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ സമീപത്തെ നിലം ഉടമ വാഴയ്ക്കു വെള്ളം കോരാന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ശ്രീക്കുട്ടന്റെ സഹോദരി ശ്രീക്കുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."