മക്കള്‍ക്ക് വേണ്ടത് പിതാവിന്റെ ശമ്പള കുടിശ്ശിക; ഇന്ത്യക്കാരന്റെ മൃതദേഹം മൂന്നര മാസത്തോളം മോര്‍ച്ചറിയില്‍
ജിദ്ദ: ശമ്പള കുടിശ്ശിക ലഭിക്കാതെ പിതാവിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന മക്കളുടെ പിടിവാശി മൂലം പ്രവാസിയുടെ മൃതദേഹം സഊദി ആശുപത്രി മോര്‍ച്ചറിയില്‍ കിടന്നത് മൂന്നര മാസം. കഴിഞ്ഞ 20 വര്‍ഷമായി റിയാദില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ ഗോപാല്‍ ഗഞ്ച് സ്വദേശി അമീര്‍ ആലമിന്റെ (60) മൃതദേഹമാണു മക്കളുടെ പിടിവാശി മൂലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടിവന്നത്. അമീര്‍ ആലമിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ പെട്ട പാടും ചില്ലറയല്ല.
കഴിഞ്ഞ സെപ്റ്റംബര്‍ 16നാണ് മസ്തിഷ്‌ക്കാഘാതം മൂലം അമീര്‍ ആലം മരിച്ചത്. നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ ആദ്യം പിതാവിന് ലഭിക്കാനുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും അയക്കണമെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂരും റഫീഖ് മഞ്ചേരിയും എംബസിയുടെ അനുമതിയോടെ മരിച്ചയാളുടെ കഫീലിനെ സമീപിക്കുകയും കഫീല്‍ 66,000 റിയാല്‍ എംബസി അക്കൗണ്ടിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു.
തുക എംബസിയില്‍ ലഭിച്ചിട്ടുണ്ടെന്നും കലക്ടറേറ്റ് വഴി നാട്ടിലെ അനന്തരാവകാശികള്‍ക്ക് ലഭിക്കുമെന്നും അറിയിച്ചിട്ടും പണം കിട്ടാതെ മൃതദേഹം സഊദിയില്‍ ഖബറടക്കാനോ നാട്ടിലേക്കയക്കാനോ ആവശ്യമായ രേഖകള്‍ നല്‍കാന്‍ ബന്ധുക്കള്‍ തയാറായില്ല. അവസാനം, മൃതദേഹം കൂടുതല്‍ മോര്‍ച്ചറിയില്‍ കിടന്നാല്‍ പ്രശ്‌നമാകുമെന്നും രേഖകള്‍ അയച്ചില്ലെങ്കില്‍ തടസം നില്‍ക്കുന്നവര്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കുമെന്നും നാട്ടിലുള്ളവരെ അറിയിച്ചപ്പോഴാണു ആവശ്യമായ രേഖകള്‍ അയച്ചു കൊടുത്തത്. തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."