ഗാന്ധിജിയുടെ സ്വാതന്ത്ര്യസമരം നാടകമെന്ന് ബി.ജെ.പി എം.പി
പ്രതിഷേധം കനത്തപ്പോള്‍ ഹെഗ്‌ഡെയുടെ മാപ്പ് ആവശ്യപ്പെട്ട് ബി.ജെ.പി
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ അനന്തകുമാര്‍ ഹെഗ്‌ഡെ. പരാമര്‍ശത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമായതോടെ എം.പിയുടെ മാപ്പ് ആവശ്യപ്പെട്ട് ബി.ജെ.പി. ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന പൊതുപരിപാടിയിലാണ് അനന്തകുമാര്‍ ഹെഗ്‌ഡെ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് സംസാരിച്ചത്.
ബ്രിട്ടിഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നായിരുന്നു ഹെഗ്‌ഡെ പറഞ്ഞത്. ഇത്തരം ആളുകളെ എങ്ങനെയാണ് മഹാത്മ എന്നു വിളിക്കുകയെന്നും ഹെഗ്‌ഡെ ചോദിച്ചിരുന്നു.
രാജ്യത്തു നടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും പൊലിസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും ഹെഗ്‌ഡെ ചോദിച്ചു. മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യഗ്രഹവും നാടകമാണ്. മരണംവരെ നിരാഹാരം കിടന്നും സത്യഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്. എന്നാല്‍, ഇത് സത്യമല്ല. ബ്രിട്ടിഷുകാരുടെ നിരാശമൂലമാണ് ഇവര്‍ സ്വാതന്ത്ര്യം തന്നത്. ചരിത്രം വായിക്കുമ്പോള്‍ തന്റെ രക്തം തിളയ്ക്കുന്നുണ്ട്. ഇത്തരം ആളുകളാണ് നമ്മുടെ രാജ്യത്ത് മഹാത്മാക്കളായത്- ഹെഗ്‌ഡെ ആരോപിച്ചു.
അതേസമയം അനന്തകുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും മാനസികനില തെറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം കാത്തിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ഹെഗ്‌ഡെയുടെ പരാമര്‍ശത്തിനെതിരേ രംഗത്തെത്തി. ഇതിനൊടുവിലാണ് അനന്തകുമാര്‍ ഹെഗ്‌ഡെ നിരുപാധികം മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."