കോരപ്പുഴ പാലം പ്രവൃത്തി ആശ്വാസം; നാളെ മുതല്‍ ബസുകള്‍ ഓടിത്തുടങ്ങും
കൊയിലാണ്ടി: കോരപ്പുഴ പാലം പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉടലെടുത്ത യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. കെ. ദാസന്‍ എം.എല്‍.എ കൊയിലാണ്ടിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. പാവങ്ങാടിനും വെങ്ങളത്തിനുമിടയില്‍ എത്തിപ്പെടേണ്ടവരുടെയും താമസിക്കുന്നവരുടെയും യാത്രാപ്രശ്‌നങ്ങള്‍ക്കാണു പരിഹാരമായത്. പ്രവൃത്തി പൂര്‍ത്തീകരിക്കാനെടുക്കുന്ന 18 മാസത്തേക്കാണ് ഓര്‍ഡിനറി ബസുകളുടെ കാര്യത്തില്‍ ഇത്തരത്തില്‍ താല്‍ക്കാലിക ക്രമീകരണം വരുത്തുന്നത്.
യോഗ തീരുമാനപ്രകാരം കൊയിലാണ്ടിയില്‍ നിന്ന് ആറു ബസുകള്‍ കോരപ്പുഴ വരെയും എട്ടു ബസുകള്‍ എലത്തൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് കോഴിക്കോട് വരെയും സര്‍വിസ് നടത്തും. ആദ്യത്തെ മാസം ഏതെല്ലാം ബസുകളാണ് ഇത്തരത്തില്‍ ഓടുന്നതെന്ന് ബസുടമകള്‍ ഗതാഗത വകുപ്പിനെ നാളെ തന്നെ അറിയിക്കും. രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ ബസുകള്‍ സര്‍വിസ് നടത്തും. ബസുകളുടെ സമയക്രമം പാലത്തിന്റെ ഇരുഭാഗത്തും പ്രദര്‍ശിപ്പിക്കും. നാളെ മുതല്‍ ഈ സംവിധാനം നിലവില്‍ വരും. യോഗത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍കോട്ട്, വടകര ആര്‍.ടി.ഒ മധുസൂദനന്‍, കോഴിക്കോട് ആര്‍.ടി.ഒ പ്രതിനിധി മാത്യൂസ്, കൊയിലാണ്ടി എസ്.ഐ ആബിദ്, ട്രാഫിക് എസ്.ഐ രാജന്‍ എന്നിവരും ബസ് ഓപറേറ്റിവ് അസോസിയേഷന്‍ ഭാരവാഹികളും മറ്റു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.
ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഇന്നുമുതല്‍ എലത്തൂരില്‍ സ്റ്റോപ്പ്
കോഴിക്കോട്: കോരപ്പുഴ പാലം പൊളിച്ചു പണിയുന്ന സാഹചര്യത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്നുമുതല്‍ എലത്തൂര്‍ സ്റ്റേഷനില്‍ നിര്‍ത്തും. എം.കെ രാഘവന്‍ എം.പിയുടെ നേതൃത്വത്തില്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടതു പ്രകാരമാണ് സ്റ്റോപ് അനുവദിച്ചത്.
56323 നമ്പര്‍ കോയമ്പത്തൂര്‍- മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍, 56324 നമ്പര്‍ മംഗലാപുരം- കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് ഇന്നുമുതല്‍ എലത്തൂര്‍ സ്റ്റേഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസം നിര്‍ത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് സ്റ്റോപ്പ് അനുവദിച്ചതെങ്കിലും കോരപ്പുഴ പുതിയ പാലം യാഥാര്‍ഥ്യമാകുന്നതുവരെ തുടര്‍ന്നും നീട്ടിനല്‍കുന്നതിനു വേണ്ട നടപടികള്‍ക്ക് നിര്‍ദേശിക്കുമെന്നും എം.പി അറിയിച്ചു. ഇതോടെ പ്രദേശത്തെ യാത്രാ ദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന പ്രത്യാശയും എം.പി പ്രകടിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."