മാറുന്ന നോമ്പുതുറ അനുഭവങ്ങള്‍
ആത്മസംസ്‌കരണത്തിലേക്കുള്ള മാര്‍ഗമാണു വിശുദ്ധ റമദാന്‍ വ്രതം. വ്രതശുദ്ധിയുടെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റയും പ്രാര്‍ഥനയുടെയും വിശുദ്ധമാസമാണിത്. വിശപ്പിന്റ തിരിച്ചറിവും റമദാന്‍ കാലത്തിന്റെ പ്രത്യേകതയാണ്.
നോമ്പുകാലങ്ങളെക്കുറിച്ചുള്ള എന്റെ ഓര്‍മകളില്‍ എന്നും സാഹോദര്യത്തിന്റെ നോമ്പുതുറകളാണുള്ളത്. വടകര, മുക്കാളി, മാഹി പ്രദേശത്തെ മുസ്‌ലിം കുടുംബങ്ങളിലെ സുഹൃത്തുക്കളോടൊപ്പം ചെറുപ്പകാലങ്ങളില്‍ നോമ്പുതുറക്കുന്ന ഹൃദ്യമായ ഓര്‍മച്ചിത്രം ഇന്നും മായാതെ മനസിലുണ്ട്. അന്നത്തെ നോമ്പുതുറയ്ക്കുള്ള വിളി ഹൃദയത്തില്‍ നിന്നുള്ള ക്ഷണമായിരുന്നു. അന്നൊക്കെ ചോമ്പാലക്കടപ്പുറത്തുള്ള മുസ്‌ലിം വീടുകളിലൊക്കെ വറുതിയുടെ കാലമായിരുന്നു. എങ്കിലും പരാധീനതകളറിയിക്കാതെ അവര്‍ അതിഥികളെ സ്വീകരിച്ചു. അന്നു കഴിച്ച തരിക്കഞ്ഞിയുടെയും കാരക്കയുടെയും കുഞ്ഞിപ്പത്തലിന്റെയും മാധുര്യം ഇന്നും ഓര്‍മകളിലുണ്ട്.
1984ല്‍ പാര്‍ലമെന്റ് അംഗമായതിനു ശേഷം ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളോടൊപ്പം ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. ഇ. അഹമ്മദ് സാഹിബ് ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് അംഗങ്ങളോടൊപ്പം എല്ലാ റമദാന്‍ കാലത്തും നോമ്പുതുറയില്‍ പങ്കെടുക്കാറുണ്ട്. ഇത്തരം സംഗമങ്ങളിലൂടെ സുഹൃദ്ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും പരസ്പരം അടുത്തറിയുന്നതിനും സാധിച്ചിട്ടുണ്ട്.
മണ്ഡലത്തിനകത്തും നോമ്പുതുറയ്ക്കുള്ള സ്‌നേഹപൂര്‍ണമായ ക്ഷണങ്ങള്‍ സ്വീകരിച്ചു പങ്കാളിയാവാറുണ്ട്. എങ്കിലും ചെറുപ്പകാലത്തെ നോമ്പുതുറയുടെ ഹൃദ്യത പിന്നീട് അനുഭവപ്പെട്ടിട്ടില്ല എന്നതാണു സത്യം. ഇപ്പോഴത്തെ നോമ്പുതുറകള്‍ പലതും സമ്പന്നന്റെ ആഡംബരത്തിന്റെ പ്രകടനമായിമാറുകയാണ്. അനഭിലഷണീയമായ സമ്പാദ്യത്തിന്റെ ചെലവഴിക്കലായി ഇഫ്താര്‍ വിരുന്നുകള്‍ മാറുന്നത് ആശാസ്യകരമായ കാര്യമല്ല. ആര്‍ഭാടത്തിന്റെ പ്രകടനമായി നോമ്പുതുറകള്‍ മാറുന്നതു മതനേതാക്കളും പണ്ഡിതരും ഗൗരവമായി കാണേണ്ട കാര്യമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്.
പങ്കെടുക്കുന്നവരുടെ എണ്ണക്കൂടുതലോ വിഭവങ്ങളുടെ ആധിക്യമോ അല്ല, മറിച്ചു സ്‌നേഹത്തിന്റെ പങ്കിടലുകളിലാണു നോമ്പുതുറയുടെ മഹത്വം. പഴയ നോമ്പുതുറ തക്കാരങ്ങള്‍ ഇന്നു സല്‍ക്കാരങ്ങള്‍ ആകുമ്പോള്‍ അതിന്റെ ഹൃദ്യത കുറയുന്നുവെന്നതാണ് എന്റെ അനുഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."