ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്
സ്വന്തം ലേഖിക
കോഴിക്കോട്: പൂര്‍ണമായോ ഭാഗികമായോ മാത്രം കുത്തിവയ്‌പ്പെടുത്ത കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ധന ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. ആരോഗ്യവകുപ്പ് പുതുതായി പുറത്തുവിട്ട കണക്കു പ്രകാരം ജില്ലയിലെ 546 കുട്ടികള്‍ ഇതുവരെ ഒരു പ്രതിരോധ കുത്തിവയ്പ്പും സ്വീകരിക്കാത്തവരും 6,000 കുട്ടികള്‍ ഭാഗികമായി മാത്രം കുത്തിവയ്‌പ്പെടുത്തവരുമാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ കുട്ടികളിലും വാക്‌സിനേഷന്‍ നടത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
ജില്ലയിലെ നാല് ഹെല്‍ത്ത് ബ്ലോക്കുകളിലും പൂര്‍ണമായി വാക്‌സിനേഷന്‍ നടപ്പാക്കുകയാണു ലക്ഷ്യം. കുറ്റ്യാടി, വളയം, തിരുവള്ളൂര്‍, ചെറുവാടി എന്നിവിടങ്ങളിലാണു കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികള്‍ കൂടുതലുള്ളത്. ഇവിടെ പൂര്‍ണമായ വാക്‌സിനേഷന്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. ഇതിനു പുറമെ ജനങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഈ നാലു പഞ്ചായത്തുകള്‍ക്കു പുറമെ കൊടുവള്ളി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ പരിധിയിലും പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികളുടെ എണ്ണം കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
സമ്പൂര്‍ണ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിലേക്കു സംസ്ഥാനത്തു നിന്ന് 20 ബ്ലോക്കുകളെയാണു തിരഞ്ഞെടുത്തിരിക്കുന്നത്. കാസര്‍കോട്ടും മലപ്പുറത്തുമാണ് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത കുട്ടികളുടെ എണ്ണം കൂടുതലുള്ളത്. സൈഡ് എഫക്ടുകളെ ഭയന്നാണു പലരും കുത്തിവയ്‌പ്പെടുക്കാന്‍ മടിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. മലപ്പുറത്തു കഴിഞ്ഞ ദിവസം ഡിഫ്തീരിയ ബാധിച്ച കുട്ടികളെല്ലാം പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്തവരാണ്. ഡിഫ്തീരിയ ബാധിച്ച മൂന്നുപേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."