ജനപ്രതിനിധികളുടെ അനാസ്ഥ: പുല്‍പ്പള്ളിക്ക് ഫയര്‍ സ്‌റ്റേഷന്‍ നഷ്ടമാകുന്നു
പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ അനുവദിക്കുമെന്നറിയിച്ച ഫയര്‍ സ്റ്റേഷന്‍ ജില്ലയിലെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കം ജനപ്രതിനിധികളുടെ അനാസ്ഥ മൂലമാണെന്ന പരാതിയുമായി നാട്ടുകാരും വ്യാപരികളും. ജില്ലയില്‍ മൂന്നിടങ്ങളിലേക്ക് പുതിയതായി ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുമെന്നും ഇതിന്റെ ഭാഗമായ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡി.ജി.പി എ. ഹേമചന്ദ്രന്‍ പുല്‍പ്പള്ളിയില്‍ പഞ്ചായത്ത് അനുവദിച്ച കെട്ടിടമുള്‍പ്പടെ സന്ദര്‍ശനം നടത്തിയിരുന്നു.
ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കുമെന്നും ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള സ്ഥലം നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പുല്‍പ്പള്ളിയില്‍ അനുവദിക്കാമെന്നറിയിച്ച ഫയര്‍ സ്റ്റേഷന്‍ അനുവദിക്കേണ്ടെന്ന നിലപാടാണ് ഇപ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അടിക്കടി അപകടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മാനന്തവാടി ബത്തേരി എന്നിവിടങ്ങളില്‍ നിന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭിക്കുന്നത്.
കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കമ്പനി നദിയും ബന്ദിപ്പൂര്‍ നാഗര്‍ഹോള വനമേഖലയും വയനാട് വന്യജീവി സങ്കേതവും മൂന്ന് വശത്താലും ചുറ്റപ്പെട്ട് കിടക്കുന്ന പുല്‍പ്പള്ളി മേഖലയക്ക് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. ആദ്യം മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരില്‍ ഫയര്‍ സ്‌റ്റേഷന്‍ അനുവദിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. എന്നാല്‍ തുടര്‍ന്ന് പുല്‍പ്പള്ളി പഞ്ചായത്ത് സ്ഥലസൗകര്യവും കെട്ടിടവും ഒരുക്കി സെപ്റ്റംബറില്‍ത്തന്നെ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു.
എന്നാലിപ്പോള്‍ നിരവില്‍പ്പുഴയില്‍ മാത്രമാണ് ഫയര്‍സ്‌റ്റേഷന്‍ അനുവദിക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്. മേഖലയിലെ ജനപ്രതിനിധികള്‍ ഈ കാര്യത്തില്‍ വേണ്ട വിധത്തില്‍ ഇടപെടല്‍ നടത്താത്തതാണ് പുല്‍പ്പള്ളിയില്‍ ഫയര്‍ സ്‌റ്റേഷന്‍ ഇല്ലാതാകാന്‍ കാരണമെന്നാണ് ആരോപണമുയരുന്നത്.
അടിയന്തരമായി പുല്‍പ്പള്ളി പഞ്ചായത്ത് ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രിയുള്‍പ്പടയുള്ളവരെ നേരില്‍ കണ്ട് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."