കേന്ദ്രത്തിന്റേത് നിഷേധാത്മക നിലപാടെന്ന് എം.പി
ചെറുതോണി: സതേണ്‍ റെയില്‍വേയുടെ കീഴില്‍ ജനുവരി 30 ന് നിര്‍ത്തലാക്കിയ 29 റെയില്‍വേ കൗണ്ടറുകളും പുനഃസ്ഥാപിക്കുന്നതില്‍ റെയില്‍വേ മന്ത്രാലയം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി ചെറുതോണിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് തന്നെ കൗണ്ടറുകള്‍ നിര്‍ത്തലാക്കിയിരുന്നു. അന്ന് പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക് കൂടി കൗണ്ടറുകള്‍ പുനഃസ്ഥാപിച്ച് നല്‍കിയത്. ഇപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യ പ്രവര്‍ത്തനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനാല്‍ ഇത്തരത്തിലുള്ള കൗണ്ടറുകള്‍ തുടരേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ നയം എന്നാണ് റെയില്‍വേ മന്ത്രാലയം വിശദീകരിക്കുന്നത്.
ഓണ്‍ലൈന്‍ ടിക്കറ്റ് വ്യാപകമാവുകയും മൊബൈല്‍ ഫോണ്‍ വഴി ടിക്കറ്റെടുക്കാനുള്ള സാധ്യതകളുണ്ടാകുകയും ചെയ്തതോടെ കൗണ്ടറുകളില്‍ വേണ്ടത്ര ഉപഭോക്താക്കള്‍ എത്തുന്നില്ല എന്നാണ് കണക്കുകളുദ്ധരിച്ച് റെയില്‍വേ വ്യക്തമാക്കുന്നത്. കേരളത്തിലെ എം.പിമാര്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയും എം.പി മാരുടെ യോഗത്തില്‍ ശക്തമായ പ്രതിഷേധം ഉന്നയിക്കുകയും ചെയ്തിരുന്നു.
റെയില്‍വേ ഇല്ലാത്ത ജില്ല എന്ന നിലയിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ച് ഇടുക്കിയിലെ നാലു കൗണ്ടറുകളും നിലനിര്‍ത്തണമെന്ന് താന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടുകയും മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
ദക്ഷിണ റെയില്‍വേയുടെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരുമായും ഇക്കാര്യം നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൗണ്ടറുകള്‍ ഏറെ പ്രയോജനം ചെയ്തിരുന്ന കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍ച്ച് 9 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം വീണ്ടും ഉന്നയിക്കുമെന്നും കൗണ്ടറുകള്‍ പുനഃസ്ഥാപിക്കും വരെ നിരന്തരമായ ഇടപെടലുകള്‍ തുടരുമെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."