ജനിച്ച് 30 മണിക്കൂര്‍ മാത്രം പിന്നിട്ട പിഞ്ചുകുഞ്ഞിലും കൊറോണ വൈറസ് ബാധ; ചൈനയില്‍ നിന്നും വരുന്നത് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകള്‍
ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയുടെ പ്രവവകേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന വുഹാനില്‍ നിന്നും വീണ്ടും പുറത്തുവരുന്നത് ഭീതിയുളവാക്കുന്ന വാര്‍ത്തകള്‍. ജനിച്ച് 30 മണിക്കൂര്‍ മാത്രം പിന്നിട്ട പിഞ്ചുകുഞ്ഞിലും വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം സ്ഥീരികരിച്ച ഏറ്റവും പ്രായം കുറഞ്ഞ കേസ് ഈ പിഞ്ചു കുഞ്ഞിന്റേതായിരിക്കുകയാണ്.
ഗര്ഭവാസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്കും രോഗം പകരാമെന്ന നിഗമനത്തിലാണ് ഇതോടെ ആരോഗ്യ വിദഗ്ധര്‍ എത്തുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകര്‍ന്നിരിക്കാമെന്ന് ഇവര്‍ കരുതുന്നു. പ്രസവത്തിന് മുന്‍പ് അമ്മയില്‍ നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം നേരത്തേ രോഗം സ്ഥിരീകരിച്ച ഒരു മാതാവ് ജന്മം നല്കിയ കുട്ടി കൊറോണ നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കാമെന്നാണ് ചൈനീസ് ആരോഗ്യവിഭാഗം അധികൃതര്‍ കരുതുന്നത്. വുഹാനിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ വില്പനക്ക് വച്ചിരുന്ന വന്യമൃഗങ്ങളുടെ മാംസത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്.
ഇതുവരേ അഞ്ഞൂറോളം ആളുകളാണ് രോഗം ബാധിച്ച് ചൈനയില്‍ മരിച്ചത്. രോഗം സ്ഥീരീകരിച്ച ഏറ്റവും പ്രായം കൂടിയയാള്‍ക്ക് 90 വയസ്സ് പ്രായമുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 80ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാണെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."