ട്രെയിനുകളുടെ വൈകിയോട്ടം മാര്‍ച്ച് അവസാനത്തോടെ കുറയും
കൊച്ചി: ട്രെയിനുകളുടെ വൈകിയോട്ടം മാര്‍ച്ച് അവസാനത്തോടെ കുറയുമെന്നു തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്ന സ്ഥലങ്ങളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണു ട്രെയിനുകളുടെ വൈകിയോട്ടത്തിനു കാരണം. പാളങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികളും ഇതോടൊപ്പം നടക്കുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറെയൊക്കെ പൂര്‍ത്തിയാകുന്നതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കഴിയുമെന്നും ആദ്ദേഹം പറഞ്ഞു. കായംകുളത്തിനും കോട്ടയത്തിനുമിടയില്‍ എട്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെയും മാവേലിക്കരയ്ക്കും കായംകുളത്തിനുമിടയില്‍ രണ്ട് അടിപ്പാതകളുടെയും നിര്‍മാണം നടന്നു വരികയാണ്. ഇരട്ടപ്പാതയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ കോട്ടയം ഭാഗത്ത് പൂര്‍ണമായും ഇരട്ടപ്പാത പൂര്‍ത്തിയാകണം. ഇതുവരെ 70 കിലോമീറ്റര്‍ പാളം മാറ്റിക്കഴിഞ്ഞു. മാര്‍ച്ച് അവസാനത്തോടെ ട്രെയിനുകളുടെ വൈകിയോട്ടം കുറയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനു റെയില്‍വേയും സംസ്ഥാനവും ചേര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. കൂടുതല്‍ ഭൂമിയേറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ നിലവിലുള്ള ഭൂമിയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കും. ഹാര്‍ബര്‍ ടെര്‍മിനലില്‍ നിന്ന് സര്‍വിസ് ആരംഭിക്കാന്‍ ഡെമു ട്രെയിന്‍ ലഭിച്ചില്ലെങ്കില്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചുള്ള സര്‍വിസ് പരിഗണിക്കും. എറണാകുളം ജങ്ഷനിലെ ഒന്ന്, ആറ് പ്ലാറ്റ്‌ഫോമുകളില്‍ പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. ശുചിമുറി കോംപ്ലക്‌സിനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."