കാടുകള്‍ കത്തുന്നു, വനത്തിലേക്ക് പ്രവേശനം നിരോധിച്ചു
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വേനലില്‍ കാടുകളെ തീ വിഴുങ്ങുന്നു. ലക്ഷക്കണക്കിന് ഹെക്ടര്‍ കാട് ഒരാഴ്ചയായി വെന്തു വെണ്ണീറായി. മലകള്‍ നിന്ന് കത്തുന്നു. നിരവധി വന്യ ജീവികളും വെന്തു മരിച്ചു. ഉള്‍ വനങ്ങളിലെ നീരുറവകള്‍ വറ്റി വരണ്ടു, കുടിക്കാന്‍ വെള്ളമില്ലാതെ വന്യ ജീവികള്‍ കൂട്ടത്തോടെ കാടിറങ്ങുകയാണ്. കേരളത്തിലെ എല്ലാ വനങ്ങളുടെയും അതിര്‍ത്തി വനം വകുപ്പ് അടച്ചു.
ഇനി മഴ ലഭിച്ചാല്‍ മാത്രമേ പ്രവേശനമുണ്ടാകൂ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ഉള്‍ വനങ്ങളുമാണ് കത്തിതീരുന്നത്. ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ അഞ്ചു ദിവസമായി തീ ആളിപ്പടരുകയാണ്. ഹെക്ടര്‍ക്കണക്കിന് വനം കത്തി വെണ്ണീറായി. അപൂര്‍വ ഇനം പാമ്പുകള്‍, പക്ഷികള്‍, മറ്റു വന്യജീവികള്‍ എന്നിവയും ചത്തൊടുങ്ങി.
ചിന്നാര്‍ ഉള്‍ വനത്തില്‍ നിന്നും വന്യ ജീവികള്‍ കൂട്ടത്തോടെ പുറത്തേയ്ക്ക് വരുന്നുണ്ട്. വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം നാഷനല്‍ പാര്‍ക്കും കാട്ടുതീ ഭീതിയിലാണ്. വരയാടുകളുടെ പ്രജനന സമയമായതിനാല്‍ ഇവ കൂട്ടത്തോടെ ഉള്‍ക്കാടുകളിലാണ്. തിരുവനന്തപുരം ജില്ലയില്‍ അഗസ്ത്യവനമേഖലയെയാണ് തീ വിഴുങ്ങുന്നത്. നാച്ചിയാര്‍മൊട്ട, വരയാട്ടുമൊട്ട, എന്നിവിടങ്ങളിലാണ് തീ പടര്‍ന്നത്. വിറളി പിടിച്ചോടുന്ന കാട്ടുമൃഗങ്ങള്‍ ആദിവാസികേന്ദ്രങ്ങളില്‍ എത്തുമോ എന്ന ആശങ്കയുമുണ്ട്. കൊല്ലം ജില്ലയില്‍ ആര്യങ്കാവ്, തെന്മല വന മേഖലയില്‍ ആയിരത്തോളം ഹെക്ടര്‍ വനം കത്തി നശിച്ചു.
മലപ്പുറം എടവണ്ണ, നിലമ്പൂര്‍, ഒതായി, ചോലാറ വനം, കൊളക്കരിയം മല, പത്തപ്പിരിയം പുതുക്കുടി മല എന്നിവിടങ്ങളിലും കാട്ടു തീ പടരുന്നു. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ എരുവമല, ഇരിട്ടി ചതിരൂര്‍ നീലയ്മല എന്നിവിടങ്ങളിലും കാട് കത്തി നശിച്ചു. വയനാട് വന്യജീവി സങ്കേതത്തില്‍ ഒരാഴ്ചയായി തീ നിന്നു കത്തുകയാണ്. കൂടാതെ ബന്ദിപ്പൂര്‍ കടുവ സങ്കേതം മുക്കാല്‍ ഭാഗവും വെന്തു വെണ്ണീറായി. നിരവധി കടുവകള്‍ തീയില്‍ പെട്ടിട്ടുണ്ടാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. കാട്ടു തീ മൂലം നഷ്ടമായത് അപൂര്‍വ ഇനം ഇര ജീവികളാണ്.
കാട്ടിനുള്ളിലെ ആദിവാസികളും ഭീതിയിലാണ്. എന്തു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനും അറിയില്ല. കാട്ടിനുള്ളില്‍ നിന്നും ആദിവാസികളെ ഒഴിപ്പിക്കാന്‍ വേണ്ട നടപടികളും സ്വീകരിച്ചിട്ടില്ല. വേനലില്‍ സ്വാഭവികമായി ഉണ്ടാകുന്ന കാട്ടു തീ എന്ന നിലയില്‍ എഴുതി തള്ളുകയാണ് അധികൃതര്‍.
തീ ഇങ്ങനെ പടര്‍ന്നു പിടിച്ചാല്‍ കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വന്‍ ദുരന്തത്തിനു കൂടിയാകും. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഏറ്റവും വലിയ തീയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."