വ്യാജവാര്‍ത്തകള്‍ക്കെതിരേ സിനഡ് നിയമനടപടിക്ക്
കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന സഭാ സിനഡിനെക്കുറിച്ച് അനുദിനമെന്നോണം അപമാനകരമായ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സഭാവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുമെതിരേ നിയമനടപടിക്കായി സൈബര്‍ സെല്ലിനെ സമീപിക്കാന്‍ സഭാസിനഡ് തീരുമാനിച്ചു. സഭയുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതും സഭയിലെ മെത്രാന്മാരെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതുമായ വാര്‍ത്തകളാണു വ്യാജമായി ചമയ്ക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ക്കു സിനഡിലെ ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലെന്നു വിശ്വാസികള്‍ മനസിലാക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തു.
സഭയ്‌ക്കെതിരേ വിനാശകരമായ ലക്ഷ്യങ്ങളോടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന സഭാവിരുദ്ധപ്രസ്ഥാനങ്ങള്‍ക്കു പിന്നില്‍ സാമൂഹ്യവിരുദ്ധരും തീവ്രവാദികളും നക്‌സലേറ്റ് ചിന്താഗതിക്കാരുമുണ്ടെന്ന കണ്ടെത്തലാണ് ഇത്തരം കര്‍ശനനിലപാടിലേയ്ക്കു നീങ്ങാന്‍ സിനഡിനെ പ്രേരിപ്പിച്ചത്. നിയമനടപടികള്‍ക്കു നേതൃത്വം നല്‍കാന്‍ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെയും മീഡിയ കമ്മിഷനെയും സിനഡ് ചുമതലപ്പെടുത്തി.
സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കു പകരമായി ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞെരളക്കാട്ട് എന്നിവരെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ സ്ഥിരം സിനഡിലെ നാലാമത്തെ അംഗമായി മേജര്‍ ആര്‍ച്ച്ബിഷപ് നോമിനേറ്റു ചെയ്തു.
സഭയുടെ വിവിധ മാധ്യമ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു സീറോ മലബാര്‍ മീഡിയ കമ്മിഷനു സിനഡ് രൂപം നല്‍കി. എല്ലാ രൂപതകളിലും മീഡിയ കമ്മിഷനുകള്‍ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണു കമ്മിഷന്റെ ദൗത്യം. സാമൂഹ്യമാധ്യമങ്ങളിലൂടെ സഭയെ അക്രമിക്കാന്‍ ചില തത്പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്ന വസ്തുത സിനഡ് ചൂണ്ടിക്കാട്ടി. വിവരസാങ്കേതികമേഖലയില്‍ വിദഗ്ധരായ വിശ്വാസികളെ ഉള്‍പ്പെടുത്തി ഇത്തരം ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുകയെന്നതും മീഡിയ കമ്മിഷന്റെ ലക്ഷ്യമാണ്. മീഡിയ രംഗത്തു സഭയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കാനും ആവശ്യമായ പ്രതികരണങ്ങള്‍ നല്‍കാനും മീഡിയ കമ്മിഷന്‍ നേതൃത്വം നല്‍കും.
സീറോ മലബാര്‍ മീഡിയ കമ്മിഷന്‍ ചെയര്‍മാനായി തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങള്‍. മംഗലപ്പുഴ സെമിനാരി കമ്മിഷന്‍ ചെയര്‍മാനായി ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ്പുമാരായ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."