തകര്‍ന്നടിഞ്ഞ് കേരളം
#നിസാം കെ. അബ്ദുല്ല
കൃഷ്ണഗിരി (വയനാട്): മലമുകളില്‍ രഞ്ജിയുടെ നോക്കൗട്ട് മത്സരത്തിനിറങ്ങിയ കേരളത്തിന് ആദ്യദിനം താളംതെറ്റി. ടോസ് നേടി പിച്ചിന്റെ ഈര്‍പ്പം മുതലാക്കാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ഥീവ് പട്ടേലിന്റെ തീരുമാനം തെറ്റിയില്ല. ലക്ഷ്യത്തിലേക്ക് പന്തെറിഞ്ഞ ബൗളര്‍മാര്‍ കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് 185 ല്‍ അവസാനിപ്പിച്ചു. ബാറ്റിങിനിടെ കൈ വിരലിന് പരുക്കേറ്റ് സഞ്ജു സാംസണ്‍ പിന്‍മാറിയതും കേരളത്തിന് തിരിച്ചടിയായി. ഒന്നാമിന്നിങ്‌സ് ആരംഭിച്ച ഗുജറാത്ത് ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാലിന് 97 എന്ന നിലയിലാണ്.
88 റണ്‍സിന് പിന്നിലാണ് നിലവില്‍ ഗുജറാത്ത്. ഒന്നാം ദിനത്തിലെ ആദ്യ 30 ഓവറുകള്‍ അതിജീവിക്കാനായാലേ മികച്ച ടോട്ടല്‍ കണ്ടെത്താന്‍ സാധിക്കൂവെന്ന് ആദ്യമേ ബോധ്യപ്പെട്ടിരുന്നെങ്കിലും വെല്ലുവിളി മറികടക്കാന്‍ കേരള ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. ആറാം ഓവറില്‍ സ്‌കോര്‍ 29ല്‍ നില്‍ക്കേ കേരളത്തിന്റെ ആദ്യ വിക്കറ്റ് വീണു. 17 റണ്‍സ് എടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്‍ കലാരിയയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. സ്‌കോര്‍ 52 ല്‍ ഓപ്പണറായ രാഹുലും വീണു. 26 റണ്‍സ് എടുത്ത രാഹുലിനെ ഗാജ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. 52 ല്‍ തന്നെ സിജോമോന്‍ ജോസഫും നായകന്‍ സച്ചിന്‍ ബേബിയും തുടരെ വീണതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ് തുടങ്ങി. എന്നാല്‍, വിനൂപിനൊപ്പം പൊരുതാനുറച്ച സഞ്ജു കേരളത്തിന് പ്രതീക്ഷ നല്‍കി. പതിയെ താളം കണ്ടെത്തിയ സഞ്ജുവിന് പരുക്ക് വില്ലനായി എത്തിയതോടെ കേരളം വീണ്ടും പരുങ്ങലിലായി. സ്‌കോര്‍ 87 നില്‍ക്കെ നഗ്വസ്വലയുടെ പന്ത് കൈവിരലില്‍ തട്ടിയാണ് സഞ്ജുവിന് പരുക്കേറ്റത്. ചൂണ്ടുവിരലിനേറ്റ പരുക്ക് ഗുരുതരമല്ലെന്നാണ് ടീം അധികൃതരുടെ ഭാഷ്യം. എന്നാല്‍, അടുത്ത ഇന്നിങ്‌സില്‍ സഞ്ജുവിന് കളിക്കാനാകുമെന്നതില്‍ കൂടുതല്‍ വ്യക്തതയില്ല. തൊട്ടുപിന്നാലെ വിനൂപും കൂടാരം കയറി. 41 പന്തുകള്‍ നേരിട്ട് വിഷ്ണു വിനോദ് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാനായില്ല.
ഇതിനിടെ കേരളത്തിന്റെ സൂപ്പര്‍ താരം ജലജ് സക്‌സേന ഏകദിന ശൈലിയില്‍ ബാറ്റ് വീശി വിക്കറ്റ് വലിച്ചെറിഞ്ഞു. ബേസില്‍ തമ്പി പോരാടാന്‍ ഉറച്ചായിരുന്നു ക്രീസില്‍ എത്തിയത്. ടോപ് സ്‌കോററായാണ് ബേസില്‍ മടങ്ങിയത്. 37 റണ്‍സ് എടുത്ത ബേസിലാണ് പോരാടാനുള്ള സ്‌കോറില്‍ കേരളത്തെ എത്തിച്ചത്. നിധീഷിന് കാര്യമായൊന്നും ചെയ്യാനായില്ല. സന്ദീപ് പുറത്താകാതെ നിന്നു. ആകെ നാല് ബൗളര്‍മാരെയാണ് പാര്‍ഥീവ് പട്ടേല്‍ പരീക്ഷിച്ചത്. ഗാജ നാല് വിക്കറ്റും നഗ്വസ്വല മൂന്ന് വിക്കറ്റും കലാരിയ രണ്ട് വിക്കറ്റും പിഴുത് ക്യാപ്റ്റന്റെ വിശ്വാസം കാത്തു. ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് ഒന്‍പത് റണ്‍സ് എടുക്കുന്നതിനിടെ അഞ്ചാം ഓവറില്‍ കേരളം ആദ്യ പ്രഹരമേല്‍പ്പിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച ഫോമിലുള്ള ഗുജാത്തിന്റെ ഓപ്പണര്‍ പാഞ്ചല്‍ സന്ദീപ് വാര്യറുടെ പന്തില്‍ പ്രതിരോധം തകര്‍ന്ന് കൂടാരം കയറി.
ഏഴാം ഓവറില്‍ കേരളത്തിന് വീണ്ടും സന്ദീപ് പ്രതീക്ഷ നല്‍കി. പ്രതിരോധക്കോട്ട തീര്‍ക്കാനുള്ള ശ്രമത്തിനിടെ കാതന്‍ പട്ടേലിനെ വിക്കറ്റ് കീപ്പര്‍ അസ്ഹറുദ്ദീന്റെ കൈകളില്‍ എത്തിച്ചു സന്ദീപ്. നായകന്‍ പാര്‍ഥീവ് പട്ടേല്‍ പൊരുതാനുറച്ചാണ് ക്രീസിലെത്തിയത്. ഏകദിനശൈലിയില്‍ ബാറ്റ് വീശി 36 പന്തില്‍ 43 റണ്ണടുത്ത പാര്‍ഥീവിനെ ബേസില്‍ തമ്പി കൂടാരം കയറ്റി. 19ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികളും ഒരു സിക്‌സും നേടി ബേസിലിനെ കടന്നാക്രമിച്ച പാര്‍ഥീവിനോട് അഞ്ചാംപന്തില്‍ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചാണ് ബേസില്‍ പകരം വീട്ടിയത്.
തൊട്ടുപിന്നാലെ 56 പന്തില്‍ 15 റണ്ണെടുത്ത രാഹുല്‍ ഷായെ ബേസില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് എത്തിയ ആര്‍.എച്ച് ഭട്ടും ധ്രുവ് രവാലും വിക്കറ്റ് കാത്ത് ബാറ്റ് വീശിയതോടെ ഒന്നാംദിനം നാലിന് 97 എന്ന നിലയില്‍ ഗുജറാത്ത് കളി അവസാനിപ്പിച്ചു. ഇന്ന് പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് പന്തെറിഞ്ഞ് ഗുജറാത്തിന്റെ അവശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി മേധാവിത്വം ഉറപ്പിക്കാനാവും കേരളത്തിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."