മൈക് പോംപിയോ സഊദിയില്‍
റിയാദ്: സഊദിയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇറാനെതിരേ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യം ലക്ഷ്യംവച്ച് നടത്തിയ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം സഊദിയില്‍ എത്തിയത്.
അല്‍ യമാമ രാജകൊട്ടാരത്തില്വച്ചു നടത്തിയ കൂടിക്കാഴ്ചയില്‍ യമന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന് തുടങ്ങി മേഖലയിലെയും മറ്റും നിലവിലെ പ്രധാന സംഭവ വികാസങ്ങള്‍ വിഷയമായി. ഖത്തര്‍ പ്രതിസന്ധി ചര്‍ച്ചയായതായും പരിഹാരം കണ്ടതായും വാര്‍ത്തയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണങ്ങളൊന്നുമുണ്ടായിട്ടില്ല.
യമനിലെ അല്‍ഹുദൈദയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനും സ്വീഡന് കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മൈക് പോംപിയോയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി റിയാദിലെ യു.എസ് എംബസി പറഞ്ഞു.
യമന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കുന്നതിന് സമഗ്ര രാഷ്ട്രീയ പരിഹാരമാണ് ഏക വഴിയെന്ന കാര്യത്തിലും ഇരുവരും ധാരണയിലെത്തിയിട്ടുണ്ട്.
യമന്‍, അഫ്ഗാന് എന്നിവിടങ്ങളില്‍ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സഊദിയുടെ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. രാജാവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് മൈക് പോംപിയോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."