വയലേലകളിലെ യന്ത്രവല്‍ക്കരണം: പട്ടിണിയിലായി പണിയ, അടിയ കുടുംബങ്ങള്‍
കല്‍പ്പറ്റ: വയനാടന്‍ വയലേലകളില്‍ വ്യാപകമായ യന്ത്രവല്‍ക്കരണം ആദിവാസികളിലെ പണിയ, അടിയ വിഭാഗങ്ങളിലെ സ്ത്രീകളെ തൊഴില്‍രഹിതരാക്കി. ഞാറുപറി, നാട്ടല്‍, കളനീക്കല്‍, കൊയ്ത്ത്, മെതി, പാറ്റല്‍ തുടങ്ങിയ ജോലികള്‍ക്ക് പണിയ, അടിയ സ്ത്രീകളെ നെല്‍കൃഷിക്കാര്‍ വിളിക്കാതായി. വിത മുതല്‍ നെല്ലും പതിരും വേര്‍തിരിക്കുന്നതുവരെ നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ യന്ത്രങ്ങളാണ് കൃഷിക്കാരില്‍ പലരും ഉപയോഗപ്പെടുത്തുന്നത്. തൊഴില്‍നഷ്ടം മൂലം സ്ത്രീകളുടെ വരുമാനത്തിലുണ്ടായ ചോര്‍ച്ച പണിയ, അടിയ കുടുംബങ്ങളുടെ ജീവിതതാളം തെറ്റിക്കുകയാണ്. കൂലിപ്പണിയിലൂടെയുള്ള വരുമാനത്തില്‍ ഏറെയും മദ്യത്തിനും മറ്റുമായി ചെലവഴിക്കുന്നതാണ് ഈ ആദിവാസി വിഭാഗങ്ങളിലെ പുരുഷന്മാരുടെ രീതി. സ്ത്രീകളുടെ വരുമാനമാണ് വീടുകളില്‍ അടുപ്പുപുകയ്ക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. സ്ത്രീകള്‍ക്ക് വേലയും കൂലിയും ഇല്ലാതായത് വീടുകളെ പട്ടിണിയിലേക്ക് തള്ളുകയാണ്. മണ്ണില്‍ പണിയെടുത്ത് കുടുംബം പോറ്റാന്‍പോലും കൊള്ളാതായെന്ന വ്യഥയും പണിയ, അടിയ സ്ത്രീകളെ പിടികൂടുകയാണ്. ഇവര്‍ക്ക് വയലേലകളില്‍ത്തന്നെ ജോലി നല്‍കുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നുണ്ട്. വയനാട്ടില്‍ പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളാണ് പണിയരും അടിയരും. സ്വന്തമായി കൃഷിസ്ഥലമുള്ളവര്‍ ഈ വിഭാഗത്തില്‍ നാമമാത്രമാണ്. കാര്‍ഷിക മേഖലയിലെ കൂലിപ്പണിയെ ആശ്രയിച്ചാണ് ഉപജീവനം.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പണിയ, അടിയ വിഭാഗങ്ങളില്‍ വളരെ കുറവാണ്. തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളും ഇവരില്‍ അധികമില്ല. അതിനാല്‍ത്തന്നെ പാടത്തെ ജോലികള്‍ സ്ത്രീകള്‍ക്ക് അന്യമായത് പണിയ, അടിയ കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരമായെന്ന് ഗോത്രമഹാസഭ കോഡിനേറ്റര്‍ എം ഗീതാനന്ദന്‍ പറഞ്ഞു. വയനാട്ടില്‍ നെല്‍കൃഷി ചെയ്യുന്ന പാടങ്ങളുടെ അളവിലുണ്ടായ കുറവ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായതിനു പുറമേ ആദിവാസി ജീവിതത്തെയും ബാധിച്ചിരിക്കുകയാണ്. ആദിവാസി മേഖലകളിലുള്ള വയലേലകളിലെ യന്ത്രോപയോഗം നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പ്രായോഗികമല്ല. അങ്ങനെ ചെയ്യുന്നത് കര്‍ഷക താല്‍പര്യത്തിനു വിരുദ്ധമാകും. കൂടുതല്‍ പേര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നതിനു കാരണമാകും. ഇത് ഭക്ഷ്യ-ജല സുരക്ഷയെ ആഴത്തില്‍ ബാധിക്കും. കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നേരിട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രശ്‌നത്തിനു പോംവഴി. ഇതിന്റെ ഭാഗമായി തരിശുകിടക്കുന്നതടക്കം പാടങ്ങള്‍ സര്‍ക്കാര്‍ വിലയ്ക്കുവാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യണം. ഈ സ്ഥലങ്ങളില്‍ നെല്ലും പച്ചക്കറികളും അടക്കം കൃഷി ചെയ്യുന്നതില്‍ വിവിധ വകുപ്പുകളുടെ സേവനം ഉപയോഗപ്പെടുത്തണം. തൊഴിലവസരങ്ങളില്‍ പണിയരും അടിയരും അടക്കം ആദിവാസികളിലെ ദുര്‍ബല ജനവിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഗീതാനന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."