ആ മാതൃസ്‌നേഹത്തിന് മുന്നില്‍ നിയമവും കണ്ണടച്ചു
#നിസാര്‍ കലയത്ത്
ജിദ്ദ: രോഗിയും വൃദ്ധയുമായ മാതാവിനെ സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിച്ച് പരിചരിച്ച മലയാളി കുടുംബത്തിന് സ്‌നേഹ സമ്മാനമായി പിഴ ഒഴിവാക്കി ജവാസാത്ത് അധികൃതര്‍. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും മാതാവിനെ സഊദിയില്‍ തന്നെ നിര്‍ത്തിയതിനു ദമാമില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വേങ്ങേരി കളത്തില്‍ വീട്ടില്‍ സന്തോഷിനാണ് 15,000 റിയാല്‍ പിഴ ചുമത്തിയിരുന്നത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു തന്റെ അമ്മയെ അദ്ദേഹം വിസിറ്റിങ് വിസയില്‍ കൊണ്ടുവന്നത്. എന്നാല്‍ മാതാവിന് അള്‍ഷിമേഴ്‌സ് ബാധിച്ചതിനാല്‍ വിസ കാലാവധിക്കുള്ളില്‍ തിരികെ അയക്കാനായില്ല. അമ്മയെ പരിചരിക്കേണ്ടതിനാല്‍ വിസ കാലാവധി കഴിഞ്ഞും കൂടെ നിര്‍ത്തുകയായിരുന്നു. വിസ തീര്‍ന്നിട്ടും മാതാവിനെ സഊദിയില്‍ താമസിപ്പിച്ചതിനു നല്‍കേണ്ടി വന്ന നിയമപരമായ പിഴയാണു അധികൃതര്‍ സന്തോഷിന്റെ മാതൃസ്‌നേഹം പരിഗണിച്ച് ഒഴിവാക്കിക്കൊടുത്തത്.
മാതൃസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണു സന്തോഷിന്റെ ഗള്‍ഫ് ജീവിതം. പത്ത് വര്‍ഷം മുന്‍പ് പിതാവ് മരിച്ചു. സന്തോഷ് ഗള്‍ഫിലായതിനാല്‍ വീട്ടില്‍ മാതാവ് മാത്രമായി. അന്ന് മുതല്‍ മാതാവിനെ വിസിറ്റിങ് വിസയില്‍ കൊണ്ടുവരാന്‍ തുടങ്ങിയിട്ടുണ്ട് സന്തോഷ്. വിസ കാലാവധി കഴിഞ്ഞ് നാട്ടില്‍ തിരികെയെത്തുമ്പോള്‍ വീണ്ടും വിസിറ്റിങ് വിസയില്‍ കൊണ്ട് വരും.
അക്കാലത്ത് സന്തോഷ് വിവാഹം കഴിച്ചിരുന്നില്ല. ദമാമിലെ റൂമില്‍ വീല്‍ ചെയറില്‍ കഴിഞ്ഞിരുന്ന അമ്മക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത ശേഷമായിരുന്നു ജോലിക്ക് പോയിരുന്നത്. ജോലിക്കിടയില്‍ കിട്ടുന്ന ഒരു മണിക്കൂര്‍ ഇടവേളയില്‍ റൂമില്‍ വന്ന് അമ്മക്ക് ഭക്ഷണവും മരുന്നുകളും നല്‍കുകയും ചെയ്യും. ഈ രീതിയില്‍ ആണ് വര്‍ഷങ്ങളോളും സന്തോഷ് അമ്മയെ പരിചരിച്ചിരുന്നത്. ഏഴ് വര്‍ഷം മുന്‍പാണു കണ്ണൂര്‍ സ്വദേശിനി ശ്രീജയെ സന്തോഷ് വിവാഹം കഴിക്കുന്നത്. മാതാവിനെ നല്ല രീതിയില്‍ പരിചരിക്കണമെന്നത് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന നിബന്ധന. അത് തന്റെ ഭാര്യ നന്നായി നിര്‍വഹിക്കുന്നുണ്ടെന്ന് സന്തോഷ് പറയുന്നു.
സന്തോഷിന്റെ മാതാവ് ചന്ദ്രവല്ലിക്ക് ഇപ്പോള്‍ 82 വയസാണുള്ളത്. മൂന്ന് വര്‍ഷം മുന്‍പ് വിസിറ്റിങ് വിസയില്‍ വന്നപ്പോഴാണു അള്‍ഷിമേഴ്‌സ് രോഗം ചന്ദ്രവല്ലിയെ പിടികൂടിയത്. ഈ സാഹചര്യത്തില്‍ വീണ്ടും വിസിറ്റിങ് വിസയില്‍ തിരികെ കൊണ്ടുവരുന്നതിനായി നാട്ടിലേക്ക് അയക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ വിസ കാലാവധി കഴിഞ്ഞും മാതാവിനെ കൂടെ നിര്‍ത്തി പരിചരിക്കുകയായിരുന്നു സന്തോഷ്. ഇപ്പോള്‍ എക്‌സിറ്റില്‍ പോകാനായി വിസ സ്റ്റാംപ് ചെയ്യാനൊരുങ്ങിയപ്പോഴാണു മാതാവിനെ വിസ കാലാവധിക്കപ്പുറം താമസിപ്പിച്ചതിനുള്ള ജവാസാത്തിന്റെ പിഴയായ 15,000 റിയാല്‍ അടക്കണമെന്ന അറിയിപ്പ് കിട്ടിയത്.
തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ സഹായത്തോടെ മാതാവിനെ കൂടെ നിര്‍ത്താനുള്ള സാഹചര്യം ജവാസാത്ത് അധികൃതരെ ബോധ്യപ്പെടുത്തി. സന്തോഷിന്റെ മാതൃസ്‌നേഹം തിരിച്ചറിഞ്ഞ ജവാസാത്ത് അധികൃതര്‍ പിഴ സംഖ്യ ഒഴിവാക്കിക്കൊടുത്ത് എക്‌സിറ്റ് നല്‍കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."