സി.വി.സി റിപ്പോര്‍ട്ട് പരസ്യമാക്കണം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ അലോക് വര്‍മയെ സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് പുറത്താക്കിയ നടപടി കൂടുതല്‍ വിവാദത്തിലേക്ക്.
ഈ മാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് മുതിര്‍ന്ന ജഡ്ജ് ജസ്റ്റിസ് എ.കെ സിക്രി അറിയിച്ചതായ വാര്‍ത്ത പുറത്തുവന്നതോടെ അലോക് വര്‍മക്കെതിരായ നടപടിക്ക് കാരണമായ കേന്ദ്ര വിജലന്‍സ് കമ്മിഷന്‍ (സി.വി.സി) റിപ്പോര്‍ട്ടും സെലക്ഷന്‍ കമ്മിറ്റി യോഗത്തിലെ മിനുട്‌സും പരസ്യപ്പെടുത്തണമെന്ന് കമ്മിറ്റി അംഗവും ലോക്‌സഭാ കോണ്‍ഗ്രസ് കക്ഷി നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്കയച്ച കത്തിലാണ് അലോക് വര്‍മക്കെതിരായ നടപടിക്കു കാരണമായ സി.വി.സി റിപ്പോര്‍ട്ടും സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ മിനുട്‌സും പരസ്യപ്പെടുത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടത്.
യോഗത്തില്‍ വര്‍മയെ നീക്കാന്‍ സര്‍ക്കാരിനെ സഹായിച്ചത് സിക്രിയുടെ ഇടപെടലായിരുന്നു. വര്‍മയെ പുറത്താക്കാനുള്ള തീരുമാനത്തോട് ഖാര്‍ഗെ വിയോജിച്ചു. സിക്രി അനുകൂലിച്ചതോടെയാണ് തീരുമാനത്തിനു ഭൂരിപക്ഷം ലഭിച്ചത്. ഇതിനൊപ്പം മാര്‍ച്ചില്‍ വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് സിക്രിയെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിറ്ററല്‍ ട്രൈബ്യൂനലിലേക്ക് (സി.എസ്.എ.ടി) സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെന്ന വാര്‍ത്തയും പുറത്തുവന്നു. വര്‍മയെ നീക്കാന്‍ സര്‍ക്കാരിനെ സഹായിച്ചതിനുള്ള പ്രതിഫലമാണ് സി.എസ്.എ.ടിയിലേക്കുള്ള ശുപാര്‍ശയെന്ന വിമര്‍ശനം ഉയര്‍ന്നതോടെ ആ പദവിയിലേക്കു താനില്ലെന്ന് സിക്രി അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."