നടന്‍ വിജയ് ഒരു പാഠമാണ്, മലയാളി താരങ്ങളെയും വെറുതെവിടില്ലെന്ന ഭീഷണിയുമായി യുവമോര്‍ച്ച
കോഴിക്കോട്: തമിഴ്‌നാട്ടില്‍ നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ കേരളത്തിലെ സിനിമാ താരങ്ങളെയും വെറുതെവിടില്ലെന്ന ഭീഷണിമുഴക്കി സംഘ് പരിവാര്‍.
യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരാണ് ഫേസ്ബുക്കില്‍ മലയാളീ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്.
ഇന്‍കം ടാക്‌സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണെന്നും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളുമെന്നുമാണ് സന്ദീപ് വാര്യരുടെ പരിഹാസം.
നേരത്തെ കൊച്ചിയില്‍ ചലച്ചിത്രതാരങ്ങളുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരേ നടന്ന ലോംഗ് മാര്‍ച്ചിനെതിരേയും സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. ഇതു വിവാദമാവുകയും ചെയ്തിരുന്നു.
ചലച്ചിത്ര അക്കാദമി പ്രസിഡന്റ് കമലിനെതിരേയും മറ്റും രംഗത്തെത്തിയ സന്ദീപ് വാര്യര്‍ മറുപടിപോലും അര്‍ഹിക്കുന്നില്ലെന്നായിരുന്നു കമലിന്റെ പ്രതികരണം. ഇപ്പോള്‍ വിജയിയെ കസ്റ്റഡിയിലെടുത്തതിനുശേഷമാണ് വീണ്ടും പഴയ ഭീഷണി പൊടിതട്ടി സന്ദീപ് രംഗത്തുവന്നിരിക്കുന്നത്.
അതേ സമയം ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയില്‍ എടുത്ത വിജയിയെ ചോദ്യം ചെയ്യുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. നാല് ഉദ്യോഗസ്ഥര്‍ കൂടി വിജയിയുടെ വീട്ടിലെത്തിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിജയിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. ബിഗില്‍ സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഓഫീസിലും വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്. മധുരയിലും ചെന്നൈയിലുമായാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.
എജിഎസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും പരിശോധന നടക്കുകയാണ്. സിനിമ ബിഗിലിന്റെ നിര്‍മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുധ്യമുണ്ടെന്ന് ആദാനയനികുതി വകുപ്പ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനും അണ്ണാ ഡിഎകെയ്ക്കുമെതിരായ വിമര്‍ശനങ്ങളുടെ പേരിലെ വിവാദം കെട്ടടങ്ങും മുമ്പാണ് ഇളയദളപതിക്കെതിരെ ആദായ നികുതി വകുപ്പ് നടപടി.
ജോസഫ് വിജയിയെന്നഴുതിയ കോലം കത്തിച്ചും ഫ്‌ലക്‌സുകള്‍ കീറിയുമാണ് അന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ രജനീകാന്തിനെതിരായ നികുതി കേസുകള്‍ ആദായ നികുതി അവസാനിപ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇതിന് പിന്നാലെ രജനികാന്ത് പൗരത്വബില്ലിനനുകൂലമായി പ്രസ്താവനയിറക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിജയിക്ക് എതിരായ നടപടിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."