ഹിന്ദുമഹാസഭ നേതാവിനെ വെടിവച്ചു കൊന്നത് രണ്ടാം ഭാര്യയും കാമുകനും; പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു
ലഖ്നൗ: കഴിഞ്ഞ ദിവസം യു.പിയില്‍ ഹിന്ദുമഹാസഭാ നേതാവ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ രണ്ടാം ഭാര്യയും കാമുകനുമാണെന്ന് തെളിഞ്ഞു. അഖില ഭാരതീയ ഹിന്ദുമഹാസഭാ ഉത്തര്‍ പ്രദേശ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ബച്ചനാണ് കഴിഞ്ഞ ഞായറാഴ്ച വെടിയേറ്റു മരിച്ചത്. കേസില്‍ പ്രതികളായ ഇയാളുടെ രണ്ടാം ഭാര്യ സ്മൃതി ശ്രിവാസ്തവ, കാമുകന് ദീപേന്ദ്ര, സഹായ സഞ്ജിത് ഗൗതം എന്നിവരെ പൊലിസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
അതേസമയം രഞ്ജിത്തിന് നേരെ വെടിയുതിര്‍ത്ത മറ്റൊരു പ്രതി ജിതേന്ദ്രയെ പിടികൂടാനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തില്‍ രഞ്ജിത്തിന്റെ സഹോദരന് ആദിത്യ ശ്രിവാസ്തവക്കും പരുക്കേറ്റിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും സംഘം കവര്‍ച്ച ചെയ്തിരുന്നു. വിവാഹമോചനം നേടി കാമുകനായ ദീപേന്ദ്രയെ സ്വന്തമാക്കണമെന്ന് സ്മൃതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ രഞ്ജിത്ത് ഇത് ശക്തമായി എതിര്‍ത്തു. ഇവര്‍ തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയില്‍ നടന്നുവരികയായിരുന്നു.
അതിനിടെ കഴിഞ്ഞ ജനുവരി 17ന് ഇവര്‍ തമ്മില്‍ കണ്ടുമുട്ടി. ആ സമയം സ്മൃതിയെ രഞ്ജിത്ത് മര്‍ദ്ദിച്ചു. തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. വെടിയുതിര്‍ത്ത പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."