കോണ്‍ഗ്രസ് നേതൃത്വത്തില്‍ പാലിയേറ്റിവ് കെയര്‍ പദ്ധതിക്ക് തുടക്കം
ആലപ്പുഴ: ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സര്‍വോദയ പാലിയേറ്റിവ് കെയര്‍ പദ്ധതിക്കു തുടക്കമായി. ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ കെ പി സി സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണന്‍ പാലിയേറ്റിവ് കെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ കക്ഷി മത ഭേദമന്യേ അശരണരും ആലംബഹീനരുമായവര്‍ക്ക് സഹായം നല്‍കുകയാണു പദ്ധതി വഴി ലക്ഷ്യമിടുന്നത്. 16 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പങ്കെടുത്ത പരിചയ സമ്പന്നരായ വോളണ്ടിയര്‍മാരാണ് ഇതിനായി രംഗത്തിറങ്ങുന്നത്.
എല്ലാ മണ്ഡലങ്ങളില്‍നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 150 പേര്‍ക്ക് പദ്ധതിയുടെ ഭാഗമായി 500 രൂപ വീതം പെന്‍ഷനായി കൈമാറി. ഇനി പ്രതിമാസം 500 രൂപ വീതം ഇവരുടെ അക്കൗണ്ടില്‍ വരും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കുന്നവരെയും രക്തം ദാനം ചെയ്യുന്നവരെയും ആതുര സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ചടങ്ങില്‍ ആദരിച്ചു. മുച്ചക്ര വാഹനങ്ങളും വീല്‍ചെയറുകളും ചടങ്ങില്‍ വിതരണം ചെയ്തു.
ചടങ്ങിനു മുന്നോടിയായി ആലപ്പുഴ മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറ ഫിലിപ്പ്, ഡോ. ഷാനവാസ് എന്നിവര്‍ പാലിയേറ്റിവ് പ്രവര്‍ത്തനത്തെ കുറിച്ച് ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റും സര്‍വോദയ പാലിയേറ്റിവ് കെയര്‍ ചെയര്‍മാനുമായ അഡ്വ. എം. ലിജു അധ്യക്ഷനായി. ഗാന്ധിഭവന്‍ ചെയര്‍മാന്‍ ഡോ. പുനലൂര്‍ സോമരാജന്‍, ചലച്ചിത്രനടന്‍ ടി.പി മാധവന്‍, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.ആര്‍ ജയപ്രകാശ്, ബി. ബാബു പ്രസാദ്, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, എ.എ ഷുക്കൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു, കെ.പി ശ്രീകുമാര്‍, അഡ്വ. ഡി. സുഗതന്‍, ജോണ്‍തോമസ്, സുബ്രഹ്മണ്യ ദാസ്, എബി കുര്യാക്കോസ്, ഇ. സമീര്‍, നെടുമുടി ഹരികുമാര്‍, എസ്. ദീപു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."