HOME
DETAILS
MAL
കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിക്കെതിരേ 'ട്യൂബ് ലൈറ്റ് ' പ്രയോഗം
backup
February 07 2020 | 01:02 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതിക്കും സാമ്പത്തികരംഗത്തെ തകര്‍ച്ചയ്ക്കുമെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തിയ പ്രതിപക്ഷത്തിനെതിരേ കോണ്‍ഗ്രസ് ഭരണകാലത്തെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1975ലെ അടിയന്തരാവസ്ഥയെയും 1984ലെ സിഖ് വിരുദ്ധ കലാപത്തെയും ഇന്ത്യാ വിഭജനത്തെയുംവരെ മോദി ഇതിനായി കൂട്ടുപിടിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പതിയെ കത്തുന്ന ട്യൂബ് ലൈറ്റെന്നു കളിയാക്കാനും അദ്ദേഹം തയാറായി. മതേതരത്വത്തെക്കുറിച്ച് പറയുന്ന പാര്‍ട്ടിക്ക് 1984ഉം സിഖുകാര്‍ക്കെതിരായ അക്രമവും ഓര്‍മയില്ലേയെന്നു മോദി ചോദിച്ചു. കോണ്‍ഗ്രസ് ദശാബ്ദങ്ങള്‍ക്കു മുന്‍പേ ഗാന്ധിയുടെ അധ്യാപനങ്ങള്‍ കൈയൊഴിഞ്ഞതായി അദ്ദേഹം ആരോപിച്ചു. നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ മൂലമാണ് ഇപ്പോള്‍ പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഞാന്‍ 30-40 മിനുട്ടായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ അത് നിങ്ങള്‍ക്ക് മനസിലാകാന്‍ ഇത്രയും സമയമെടുത്തു, പല ട്യൂബ് ലൈറ്റുകളും ഇങ്ങനെയാണെന്നു രാഹുലിനെ നോക്കി അദ്ദേഹം പറഞ്ഞു.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയവാദിയാണോ എന്നു ചോദിച്ചാണ് മോദി സി.എ.എക്കെതിരായ വിമര്‍ശനത്തെ നേരിട്ടത്. നെഹ്‌റു പോലും പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിച്ചിരുന്നതായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഗാന്ധിക്കെതിരായ ബി.ജെ.പി എം.പി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധിച്ച പ്രതിപക്ഷം, മഹാത്മ ഗാന്ധി അമര്‍ രഹേ മുദ്രാവാക്യങ്ങളുമായാണ് മോദിയുടെ ആരോപണങ്ങളെ നേരിട്ടത്.
കാതലില്ലാത്ത പ്രസംഗമാണ് മോദി നടത്തിയതെന്നു പറഞ്ഞ രാഹുല്‍, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങി രാജ്യം നേരിടുന്ന വെല്ലുവിളികളെ പരാമര്‍ശിച്ചില്ലെന്നും കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."