നിലം ഉടമകളല്ലാത്തവര്‍ നെല്ല് ഉല്‍പ്പാദക സമിതി ഭാരവാഹികളാകുന്നു മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി
മണ്ണഞ്ചേരി: നിലം ഉടമകളല്ലാത്തവര്‍ നെല്ല് ഉല്‍പ്പാദക സമിതി ഭാരവാഹികളാകുന്നതിനെതിരെ മനുഷ്യവകാശ കമ്മിഷന് പി മോഹന്‍ദാസ് വിശദീകരണം തേടി. 24ന് ജില്ലാകൃഷി ഓഫിസര്‍ കമ്മിഷന്റെ മുന്നില്‍ ഹാജരായി വിശദീകരണം നടത്തണമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
മണ്ണഞ്ചേരി പെരുന്തുരുത്ത് പാടശേഖര സമിതിയിലാണ് നിലം ഉടമകള്‍ അല്ലാത്തവര്‍ ഭാരവാഹികളായതെന്ന് കാട്ടി പൊന്നാട് പുത്തന്‍പുരയ്ക്കല്‍ പി ആര് പ്രസാദാണ് പരാതി നല്‍കിയത്. 2013-ലാണ് പരാതിക്കാസ്പദമായ സംഭവം. കളക്ടറുടെ നിര്‍ദേശപ്രകാരം കൂടിയ യോഗത്തില്‍ നിലം ഉടമകളല്ലാത്തവര്‍ ഭാരവാഹികളാകുകയും ആറു തവണ കൃഷി മുടക്കുകയും ചെയ്തു. ഇതോടെ അഞ്ചുകോടി രൂപയുടെ നെല്ലും തൊഴില്‍ ദിനങ്ങളും നഷ്ടമായി.
15 ഭാരവാഹികളില്‍ എട്ടുപേര്‍ നിലം ഉടമകളല്ല എന്ന് വ്യക്തമായ രേഖ കൊടുത്തിട്ടും കൃഷി ഓഫീസര്‍ നടപടി സ്വീകരിച്ചിരുന്നില്ല.
മുടക്കം കൂടാതെ കൃഷിയിറക്കണമെന്നാവശ്യപ്പെട്ട് 2014-ല്‍ കളക്ട്രേറ്റിലും 2015-ല്‍ കൃഷിഭവന്റെ മുന്നിലും പ്രസാദ് ഉപവാസം നടത്തിയിരുന്നു.
തുടര്‍ന്ന് കൃഷി മന്ത്രിയ്ക്ക് നേരിട്ടെത്തി പരാതിയും നല്കി. ഇതേ തുടര്‍ന്ന് പാടശേഖര സമിതി പ്രസാദിന്റെ നിലം ഉഴുത് കൊടുത്തില്ല.
നിലം പാട്ടക്കാര്‍ക്ക് നല്‍കുന്നത് മൂലം പല പാടശേഖരങ്ങളുടെയും വരമ്പുകള്‍ നഷ്ടപ്പെടുകയും നിലം തിരിച്ചറിയാനാവാത്ത വിധം ആയതായും പ്രസാദ് പറയുന്നു.
2010-ലെ ഏറ്റവും നല്ല കൃഷിക്കാരനായി തെരഞ്ഞെടുത്ത പ്രസാദിന് മണ്ണഞ്ചേരി പെരുന്തുരുത്ത് കരിയില്‍ രണ്ടേക്കര്‍ അറുപത്തിയെട്ട് സെന്റ് നിലമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."