കെ.എം ഷാജിയുടെ അടിയന്തരപ്രമേയത്തെ എതിര്‍ത്ത് മന്ത്രി; അനുമതി നല്‍കി സ്പീക്കര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കേസില്‍പ്പെട്ട കെ.എം ഷാജി നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ വെട്ടിലായി. സുപ്രിംകോടതി ഉത്തരവ് പ്രകാരം വോട്ടവകാശമില്ലാത്ത അംഗമായ കെ.എം ഷാജി വോട്ടവകാശം വിനിയോഗിക്കേണ്ട പ്രമേയം അവതരിപ്പിക്കുന്നത് ക്രമപ്രശ്‌നമായി ഉന്നയിച്ചത് പാര്‍ലമെന്ററി കാര്യമന്ത്രി കൂടിയായ നിയമമന്ത്രി എ.കെ ബാലനായിരുന്നു.
എന്നാല്‍ ഭരണപക്ഷ ആവശ്യം തള്ളിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രമേയത്തിനുള്ള നോട്ടിസ് അവതരണത്തിന് ഷാജിക്ക് അനുമതി നല്‍കി. ഷാജിയുടെ വോട്ടവകാശം മാത്രമേ കോടതി തടഞ്ഞിട്ടുള്ളൂവെന്നും വോട്ടെടുപ്പ് വേണമോയെന്നത് സഭ പിന്നീട് തീരുമാനിക്കുന്ന കാര്യമാണെന്നും വ്യക്തമാക്കിയ സ്പീക്കര്‍ സഭാ നടപടികളില്‍ പങ്കെടുക്കാനുള്ള ഷാജിയുടെ അവകാശം അംഗീകരിച്ചുകൊണ്ടാണ് അനുമതി നല്‍കിയത്.മന്ത്രി ബാലന്റെ ക്രമപ്രശ്‌നം ഭരണ- പ്രതിപക്ഷ അംഗങ്ങളില്‍ ചൂടിയേറിയ വാഗ്വാദത്തിന് വഴിതെളിച്ചു. മന്ത്രിയുടെ നിലപാട് ബാലിശമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമബിരുദധാരിയായ മന്ത്രി പഠിക്കാന്‍ പോയസമയത്ത് ക്ലാസില്‍ കയറാതെ നടന്നതു കൊണ്ടാകും ഇത്തരത്തില്‍ പറയുന്നതെന്ന കോണ്‍ഗ്രസിലെ കെ.സി ജോസഫിന്റെ പരമാര്‍ശം ഭരണപക്ഷത്തെയും ചൊടിപ്പിച്ചു. പിന്നീട് കെ.സി പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."