നഗരമധ്യത്തിലെ ബ്രാഹ്മണ മനയില്‍ വന്‍ തീപിടുത്തം; വീട് പൂര്‍ണമായി കത്തി നശിച്ചു
വീട്ടിലേയ്ക്ക് വഴിയില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു
തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ബ്രാഹ്മണ മനയില്‍ വന്‍ തീപിടുത്തം. വീട് പൂര്‍ണമായി കത്തി നശിച്ചു.ക്ഷേത്രത്തിന് പിന്‍ഭാഗത്തുള്ള പടിഞ്ഞാറേമഠം മധു നമ്പൂതിരിയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം.
വീട്ടിലുണ്ടായിരുന്ന മധു നമ്പൂതിരിയുടെ സഹോദരന് നന്ദന്റെ മകളാണ് തീ പിടിച്ചത് ആദ്യം കണ്ടത്. കുട്ടി ഉടന്‍ വിവരം ക്ഷേത്രത്തിലുണ്ടായിരുന്നവരെ അറിയിച്ചു. ഞൊടിയിടയില്‍ തീ ആളിപ്പടര്‍ന്നു. സമീപ വീട്ടുകാരാണ് തൊടുപുഴ ഫയര്‍ഫോഴ്സില്‍ അറിയിച്ചത്.
പൂര്‍ണമായും തടിയില്‍ പണിതീര്‍ത്ത പാരമ്പര്യ മാതൃകയിലുള്ള വീടായതിനാല്‍ തീ അണയ്ക്കുക ദുഷ്കരമായി. ഫയര്‍ഫോഴ്സിനൊപ്പം സമീപവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടര്‍ ആദ്യം തന്നെ പുറത്തിറക്കി. വീടിന് സമീപത്തേക്ക് ഫയര്‍ഫോഴ്സ് വാഹനം എത്താന്‍ വഴിയില്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ക്ഷേത്രത്തിന് സമീപത്തെ മറ്റൊരു വഴിയിലൂടെ ഫയര്‍ഫോഴ്സ് വാഹനം കൊണ്ടുവന്ന ശേഷം ക്ഷേത്ര മുറ്റത്തുകൂടി ഹോസ് വലിച്ചാണ് തീപിടിച്ച വീടിന് സമീപം എത്തിച്ചത്. തൊടുപുഴ, മുവാറ്റുപുഴ, കലൂര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്ന് എട്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ കഠിനശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്റെ നേത്യത്വത്തില്‍ പൊലിസും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."