ഒഡിഷയില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാജിവച്ച് ബി.ജെ.ഡിയില്‍ ചേര്‍ന്നു
ഭൂവനേശ്വര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവേ ഒഡിഷയില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ ബി.ജെ.ഡിയില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ നാബാ കിഷോര്‍ ദാസാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് ബി.ജെ.ഡിയില്‍ ചേര്‍ന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജരസഗുഡ മണ്ഡലത്തില്‍ നിന്ന് ബി.ജെ.ഡി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി ഒഡിഷ സന്ദര്‍ശിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി നാബാ കിഷോര്‍ രാജിവച്ചത്.
തന്നെ അനുകൂലിക്കുന്നവരില്നിന്നുള്ള കടുത്ത സമ്മര്‍ദ്ദവും ജനതാല്പര്യവും മാനിച്ചാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.
ജരസഗുഡ മണ്ഡലത്തില്‍ മികച്ച ജനപിന്തുണയുള്ള നേതാവായ നാബാ കിഷോര്‍, പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും.
കഴിഞ്ഞ രണ്ടുതവണയും ബി.ജെ.ഡി സ്ഥാനാര്‍ഥിക്കെതിരേ മികച്ച ഭൂരിപക്ഷം നേടിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
2017ല്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിലും അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
കിഷോര്‍ പാര്‍ട്ടി വിടുന്നത് സങ്കടകരമാണെങ്കിലും ഇത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നിരഞ്ജന് പട്നായിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."