നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹം ഏറ്റെടുത്തു നടത്തിയ പള്ളിക്കമ്മിറ്റിക്ക് ക്ഷേത്രക്കമ്മറ്റിയുടെ ആദരം
കായംകുളം: നിര്‍ധനയായ ഹിന്ദു യുവതിയുടേയും യുവാവിന്റെയും വിവാഹം മുസ്‌ലിം പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തികൊടുത്ത ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് ക്ഷേത്രക്കമ്മിറ്റിയുടെ ആദരം. ചേരാവള്ളി പള്ളി അങ്കണത്തിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനാവശ്യമായ ചെലവുകളും വധുവിനുള്ള ആഭരണങ്ങളും വസ്ത്രവും വിവാഹ സല്‍ക്കാരവുമെല്ലാം വഹിച്ചത് മഹല്ല് കമ്മിറ്റിയായിരുന്നു. നാടറിഞ്ഞാണ് മതസാഹോദര്യത്തിന്റെ മാതൃകകാണാനെത്തിയത്.
ഈ പ്രവര്‍ത്തനത്തെയാണ് പെരുമ്പള്ളി ശ്രീലക്ഷ്മീ വിനായക സരസ്വതീ ദേവീക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ ആദരവര്‍പ്പിച്ചത്. ഈ വിവാഹം ലോക മാനവികതക്ക് വെളിച്ചം നല്‍കിയ മഹത്തായ സന്ദേശമായിരുന്നുവെന്ന് അമൃതാനന്ദ ദേവിമഠം ദേവാമൃത സ്വാമി അഭിപ്രായപ്പെട്ടു. വലിയഴീക്കല്‍ പെരുമ്പള്ളി ശ്രീലക്ഷ്മീ വിനായക സരസ്വതീ ദേവീക്ഷേത്രത്തില്‍ മഹല്ല് ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി മത ഭേദങ്ങളുടെ മതില്‍ കെട്ടുകള്‍ക്ക് അപ്പുറം മനുഷ്യര്‍ ഒക്കെയും ഒന്നാണെന്ന മഹനീയ സന്ദേശമാണ് ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി നല്‍കിയത്. രാജ്യത്ത് മനുഷ്യനെ വേര്‍തിരിച്ച് കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം മനുഷ്യത്വത്തിനും മാനവികതക്കും ഇന്നും ജനമനസ്സുകളില്‍ സ്ഥാനം ഉണ്ടെന്ന് തെളിയിച്ച പുതിയ ചരിത്രം രചിച്ചിരിക്കുകയായിരുന്നു ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി.
ആദരിക്കല്‍ ചടങ്ങില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിനെ ക്ഷേത്ര ഭരണസമിതി ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ സജീവന്‍ ശാന്തി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, പ്രജാവിദ ബ്രഹ്മകുമാരി സംസാരിച്ചു. ജമാഅത്തിന് നല്‍കിയ സ്വീകരണത്തിന് നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."