കരിപ്പൂരില്‍ റണ്‍വേ ഇന്ന് തുറക്കും; നവീകരണം പൂര്‍ത്തിയായത് പ്രശ്‌നങ്ങളില്ലാതെ
കൊണ്ടോട്ടി: കരിപ്പൂരില്‍ 18 മാസങ്ങള്‍ക്കു ശേഷം വിമാനത്താവള റണ്‍വേ ഇന്നു മുതല്‍ പൂര്‍ണമായും തുറന്നു കൊടുക്കുന്നത് വിവാദങ്ങളും പ്രതിഷേധങ്ങളുമില്ലാതെ. 2015 മെയ് മുതലാണ് വലിയ വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ച് റണ്‍വേ റീകാര്‍പറ്റിങ്ങിനായി പദ്ധതികള്‍ തുടങ്ങിയത്. ജൂണില്‍ പകല്‍ 12 മുതല്‍ രണ്ടു വരെ രണ്ടു മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പിന്നീട് സെപ്റ്റംബറിലാണ് ടാറിങ് പ്രവൃത്തികള്‍ തുടങ്ങിയത്. ഇതോടെ നിയന്ത്രണം പകല്‍ 12 മുതല്‍ രാത്രി എട്ടു വരെയാക്കി. ഈ നിയന്ത്രണം ഇന്നു മുതല്‍ ഒഴിവാക്കും.
നാലു വര്‍ഷത്തിലൊരിക്കല്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ചട്ടം. എന്നാല്‍ മൂന്നു വര്‍ഷം മുന്‍പുണ്ടായ ശക്തമായ മിന്നലിലും മഴയിലും റണ്‍വേയില്‍ വിള്ളല്‍ വീണതിനാല്‍ റീകാര്‍പറ്റിങ് പെട്ടെന്ന് നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. റണ്‍വേ പൂര്‍ണമായും മണ്ണിട്ട് ഉയര്‍ത്തി നിര്‍മിച്ചതാണ് വിള്ളലിന് കാരണമായത്. വലിയ വിമാനങ്ങള്‍ വന്നിറങ്ങുന്ന കിഴക്കു ഭാഗത്ത് റണ്‍വേക്ക് തകരാറുണ്ടായിരുന്നു. ഇവിടെ കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ടാറിങ്ങും പൂര്‍ത്തീകരിച്ചു.
ബംഗളൂരു ആസ്ഥാനമായുള്ള വിശാല്‍ എന്ന കമ്പനിയാണ് റണ്‍വേ റീകാര്‍പറ്റിങ് പ്രവൃത്തി ഏറ്റെടുത്തിരുന്നത്. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇത്തവണ അത്യാധുനിക ടാര്‍ മിക്‌സിങ് യൂനിറ്റ് ഉപയോഗിച്ചതിനാല്‍ പ്രദേശവാസികള്‍ക്ക് യാതൊരു ശല്യവുമുണ്ടായില്ല. ഇതിനു മുന്‍പ് നടന്ന റീകാര്‍പറ്റിങ് പ്രവൃത്തിയില്‍ ടാര്‍ മിക്‌സിങ് യൂനിറ്റിന്റെ പ്രവര്‍ത്തനം ആരോഗ്യഭീതി ഉയര്‍ത്തിയിരുന്നു. കിണറുകളും ജലസ്രോതസുകളും ഉപയോഗശൂന്യമാവുകയും ശ്വസതടസം, ചൊറിച്ചില്‍ പോലുള്ള രോഗവും പടര്‍ന്നു. ഇതിനെതിരേ പ്രതിഷേധങ്ങളുമുണ്ടായി. എന്നാല്‍ ഇത്തവണ ഇത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല.
റണ്‍വേ റീകാര്‍പറ്റിങ്ങിന് കൃത്യമായ അസംസ്‌കൃത വസ്തുക്കള്‍ ചേര്‍ക്കുന്നതിലും അതോറിറ്റിയുടെ ശ്രദ്ധപതിഞ്ഞിരുന്നു. എന്നാല്‍ മുന്‍വര്‍ഷം വാങ്ങാത്ത സിമന്റ് ലോഡിന്റെ പേരില്‍ വ്യാജബില്‍ ഹാജരാക്കി നടത്തിയ തട്ടിപ്പ് സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ പിടിയിലാവുകയും ചെയ്തു. റണ്‍വേയിലെ ടാറിങ്, ലെവലിങ്, ലൈറ്റിങ് പ്രവൃത്തികളടക്കം വിദഗ്ധ സംഘം പരിശോധിച്ചാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. കാര്യമായ പ്രശ്‌നങ്ങളില്ലാതെ റണ്‍വേ നവീകരണം പൂര്‍ത്തിയാക്കാനായതില്‍ എയര്‍പോര്‍ട്ട് അതോറിറ്റി സംതൃപ്തരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."