മംഗളൂരു വിമാനത്താവളത്തിലെ റണ്‍വേ തകര്‍ന്നു
മംഗളൂരു: നാവിക വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ തകര്‍ന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
നാവിക വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരും മറ്റു ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണന് അറിയിച്ചു.
റണ്‍വേ സാധാരണ നിലയിലാക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും അതുവരെ വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരുവില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കൊച്ചി, കോഴിക്കോട്, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. കൂടാതെ ഇവിടെ നിന്നു പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം റണ്‍വേ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിനായി ഗോവയില്‍ നിന്നുള്ള എയര്‍ ക്രാഫ്റ്റ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മംഗളൂരു വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ 158 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ചായിരുന്നു ദുരന്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."