മുദ്രപ്പത്രം ലഭിക്കാന്‍ ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ പണമടക്കണം; പുതിയ മാറ്റത്തില്‍ വട്ടംകറങ്ങി സാധാരണക്കാര്‍
കൊച്ചി: മുദ്രപ്പത്രം ലഭിക്കാനുള്ള നടപടിക്രമത്തിലെ മാറ്റം കാരണം സ്ഥലം വില്‍ക്കാനും വാങ്ങാനുമുള്ള സാധാരണക്കാര്‍ ദുരിതത്തില്‍. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടികളില്‍ വരുത്തിയ മാറ്റമാണ് സാധാരണക്കാരെ പ്രയാസത്തിലാക്കുന്നത്. മുന്‍പ് ട്രഷറിയില്‍ പണമടച്ചാല്‍ മുദ്രപ്പത്രം ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ ഇവ ലഭിക്കുകയുള്ളുവെന്നത് സാധാരണക്കാരെ വട്ടംകറക്കുകയാണ്. വീട് വയ്ക്കുന്നതിനും മറ്റുമായി അഞ്ചും ആറും സെന്റ് സ്ഥലം വാങ്ങുന്നവരാണ് ഈ നിയമം കാരണം കുടുക്കിലായിരിക്കുന്നത്. ഇത്തരക്കാരില്‍ ബാങ്ക് അക്കൗണ്ടുള്ളവര്‍ പോലും വിരളമാണ്. ഉള്ളവര്‍ക്കാണെങ്കില്‍ ഓണ്‍ലൈന്‍ ഇടപാടുകളെക്കുറിച്ച് കൃത്യമായ വിവരവുമില്ല.
കഴിഞ്ഞ ഡിസംബര്‍ 31വരെ മുദ്രപ്പത്രം ലഭിക്കാന്‍ ഡി.ഡി സ്വീകരിച്ചിരുന്നു. എന്നാല്‍ 2017ല്‍ അതു നിര്‍ത്തലാക്കി. ഇപ്പോള്‍ മുദ്രപ്പത്രം ലഭിക്കണമെങ്കില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ ഓണ്‍ലൈന്‍ അക്കൗണ്ട് വേണം. ഇല്ലെങ്കില്‍ ഓണ്‍ലൈന്‍ അക്കൗണ്ടുള്ളവര്‍ സഹായിക്കണം. എന്നാല്‍ വന്‍കിട ഇടപാടുകള്‍ ബാങ്കുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിനാല്‍ മുദ്രപ്പത്രങ്ങള്‍ വാങ്ങുന്നതിന് ആരും സഹായിക്കില്ല. അതിനാല്‍ ഓണ്‍ലൈന്‍ അക്കൗണ്ടെടുത്ത് അത് ഉപയോഗിക്കുന്നതിനുള്ള പരിശീലനം നടത്തേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. ദേശസാല്‍കൃത ബാങ്കുകളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ വഴിമാത്രമേ മുദ്രപ്പത്രം ലഭിക്കുന്നതിനുള്ള ചലാന്‍ അടക്കാന്‍ സാധിക്കൂ. ഇത്തരം ബാങ്കുകളില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ പുതിയ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ആരംഭിക്കുക മാത്രമാണ് പോംവഴി.
ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിന് പുറത്തുനിന്നുള്ളവരെ ആശ്രയിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാല്‍ പണമടക്കുന്നതിന് മറ്റെന്തെങ്കിലും സംവിധാനം എര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."