റോഡിനായി ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് ആക്ഷേപം
തിരുവമ്പാടി: റോഡ് വികസനത്തിനായി വിവിധ ഘട്ടങ്ങളില്‍ സ്ഥലം വിട്ടുനല്‍കിയവരുടെ ഭൂമി നഷ്ടപരിഹാരം നല്‍കാതെ വീണ്ടും ഏറ്റെടുക്കാനുള്ള ശ്രമം നടക്കുന്നതായി പരാതി. അഗസ്റ്റ്യന്‍ മുഴി- തിരുവമ്പാടി - കോടഞ്ചേരി- കൈതപ്പൊയില്‍ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചതോടെയാണ് താഴെ തിരുവമ്പാടിയിലെ ജനങ്ങള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സമ്മതപത്രം പോലും ഒപ്പിട്ട് വാങ്ങാതെ പലരുടെയും സ്ഥലത്ത് അധികൃതര്‍ അടയാളപ്പെടുത്തി കുറ്റിയടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു വര്‍ഷം മുന്‍പ് തൊണ്ടിമ്മല്‍ സ്‌കൂളില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത സ്ഥലം നഷ്ടപ്പെടുന്നവരുടെ യോഗത്തില്‍ നഷ്ട പരിഹാരം ഉറപ്പാക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് നാല് മാസങ്ങള്‍ക്ക് ശേഷം എം.എല്‍.എക്ക് നിവേദനവും നല്‍കിയിരന്നു. തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമാന ആവശ്യം ഉന്നയിച്ചപ്പോള്‍ 'നിങ്ങള്‍ക്ക് റോഡ് വേണ്ടേല്‍ വേണ്ട, ഞാന്‍ വേറെ വഴിയിലൂടെ കൊണ്ട് വരും' എന്ന് പറഞ്ഞ് എം .എല്‍.എ ക്ഷുഭിതനായെന്നും നാട്ടുകാര്‍ പറയുന്നു. സ്ഥലം ഏറ്റെടുക്കുന്നതിലൂടെ നിരവധി പേരുടെ കൃഷി, കിണര്‍, വീടിന്റെ ഭാഗങ്ങള്‍, ചുറ്റുമതില്‍ ഉള്‍പ്പടെ നഷ്ടപ്പെടും. റോഡ് വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ആവര്‍ത്തിച്ച് നഷ്ടം സഹിക്കുന്നത് എന്തിനാണെന്നുമാണ് സ്ഥലം നഷ്ടപ്പെടുന്നവര്‍ ചോദിക്കുന്നത്. പരാതി അറിയിച്ച് പ്രദേശത്തുകാര്‍ എം.എല്‍.എ, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."