പദ്ധതികളേറെയും രേഖകളിലൊതുങ്ങി; പഞ്ചായത്തുകളില്‍ കാര്‍ഷികമേഖലക്ക് തകര്‍ച്ച
കല്ലമ്പലം : പഞ്ചായത്തുകളില്‍ കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി വിഭാവനം ചെയ്ത പദ്ധതികളെല്ലാം കടലാസിലൊതുങ്ങുന്നു. കാലാ കാലങ്ങളായി നടപ്പാക്കാനുദ്ദേശിച്ച വികസനരേഖയിലും മതിപ്പ് ബജറ്റിലും ഉള്‍ക്കൊള്ളിച്ച പദ്ധതികള്‍ മിക്കതും യാതൊരു മാറ്റവുമില്ലാതെ രേഖകളില്‍ തുടര്‍ച്ചയായി ഇടം നേടുകയാണ്.
ഈ സാഹചര്യത്തില്‍ കാര്‍ഷികമേഖല തിരിച്ചടി നേരിടുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കല്ലമ്പലം മേഖലകളിലെ പഞ്ചായത്തുകളിലെ തരിശു ഭൂമിയിലെല്ലാം കര്‍ഷകതൊഴിലാളികളെ പാട്ടത്തിനിറക്കുക എന്നതായിരുന്നു കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ മുഖ്യ അജണ്ട.
തുടര്‍ന്ന് കുടുംബശ്രീ ഹരിത സംഘം സന്നദ്ധസംഘടനകളെക്കൊണ്ട് കൃഷിയിറക്കുമെന്നായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ തരിശുഭൂമികള്‍ മിക്കതും തരിശായിതന്നെ തുടരുകയാണിപ്പോഴും. ഇതിനോടകം പലേടത്തും കൃഷി ഭൂമി നികത്തിക്കഴിഞ്ഞു.പാട്ടത്തിനെടുക്കുക പോയിട്ട് അതിനുള്ള പ്രാരംഭനടപടികള്‍ പോലുമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിക്കായി ജലസേചന സൗകര്യമൊരുക്കല്‍ കൃഷിപ്രോത്സാഹിപ്പിക്കുന്നതിനായി കൊയ്ത്ത് മെതിയന്ത്രം എന്നിവയും പ്രഖ്യപനങ്ങളില്‍ പറഞ്ഞിരുന്നു.
പച്ചക്കറി സ്വയം പര്യാപ്തതയ്ക്കായി എല്ലാവീടുകളിലും പച്ചക്കറിത്തോട്ടം അതിനായി വിത്തും വളവും നല്‍കല്‍ പച്ചക്കറി പ്രോല്‍സാഹനത്തിന് ഹരിത സംഘത്തിന്റെ സഹായം എന്നിവ പച്ചക്കറി മേഖലയുടെ വികസനത്തിന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവയും രേഖകളില്‍ മാത്രമൊതുങ്ങി.
പഞ്ചായത്തുകളിലെ നാശോന്‍ മുഖമാകുന്ന കുളങ്ങള്‍ മത്സ്യ കൃഷിക്കായി പാട്ടത്തിനെടുത്ത് മത്സ്യക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്യാന്‍ മിക്ക പഞ്ചായത്തുകളിലും പദ്ധതിയിട്ടിരുന്നു. എന്നാല്‍,കപ്പാംവിളയിലെ മാടന്‍ കാവ് കുളം , കല്ലമ്പലത്തെ മത്തനാട് കുളം, കുടവൂരിലെ വെടയം കുളം എന്നിങ്ങനെ പ്രധാനകുളങ്ങളെല്ലാം മാലിന്യം നിറഞ്ഞിട്ടും അവ വൃത്തിയാക്കാന്‍ പോലും നടപടിയില്ല.
മത്സ്യകൃഷിക്കനുയോജ്യമായ ഈ കുളങ്ങള്‍ തിരഞ്ഞെടുക്കാന്‍ പോലും അധികൃതര്‍ തയാറായില്ല. ഔഷധകൃഷി പ്രോത്സാഹിപ്പിക്കല്‍ , തെങ്ങുകൃഷിപരിപാലനം, കരകൃഷി വിപുലീകരണം തുടങ്ങി നിരവധി പദ്ധതികള്‍ കഴിഞ്ഞ ബജറ്റില്‍ പറയുന്നു. ഇതൊക്കെ വര്‍ഷാവര്‍ഷം ഉണ്ടെങ്കിലും നടപ്പാകുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
തെങ്ങുകയറ്റ പരിശീലനവും, വിള സംരക്ഷണത്തിന് ഇന്‍ഷുറന്‍സും, പൗള്‍ട്രീഫം ആരംഭിക്കലുമൊക്കെ ഇതിനു പുറമേയുണ്ട്. എന്നാല്‍ പദ്ധതികള്‍ പലതും തുടര്‍ച്ചയായാണ് വരുന്നതെന്നും അതുകൊണ്ടുതന്നെ പഴയ പദ്ധതികള്‍ നടപ്പാക്കാന്‍ ഇനിയും കാലതാമസം വേണ്ടിവരുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
കാര്‍ഷികമേഖലയിലെ ബൃഹത് പദ്ധതികള്‍ നടപ്പിലാക്കി ഈ രംഗത്തെ തകര്‍ച്ചവീണ്ടെടുക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."