ഷഹീന്‍ബാഗില്‍ നാലുവയസുകാരന്‍ മരിച്ച സംഭവം കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരേ രാപ്പകല്‍ പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗില്‍ രക്ഷിതാക്കള്‍ക്കൊപ്പം സമരപ്പന്തലിലുണ്ടായിരുന്ന നാലു വയസുകാരന്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രിം കോടതി നോട്ടിസ് അയച്ചു. മുഹമ്മദ് ജഹാന്‍ എന്ന ബാലനാണ് ജനുവരി 30ന് സമരസ്ഥലത്ത് അസുഖം മൂലം മരിച്ചത്.
ഒരു നാലുവയസുകാരന് പ്രതിഷേധത്തിന് പോകാന്‍ കഴിയുമോ- മരിച്ച കുട്ടിയുടെ മാതാവിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകരോട് കോടതി ചോദിച്ചു. 12കാരിയായ ദേശീയ ധീരതാ പുരസ്‌കാര ജേതാവ് സദാവര്‍തെ ചീഫ് ജസ്റ്റിസിന് കുട്ടിയുടെ മരണത്തെ ചൊല്ലി കത്തയച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വിഷയത്തിലിടപെട്ടത്.
മരിച്ച നാലു വയസുകാരന്‍ ഷഹീന്‍ബാഗിലെ സമരപ്പന്തലില്‍ ഏതാണ്ടെല്ലാ ദിവസവും മാതാപിതാക്കള്‍ക്കൊപ്പം എത്താറുണ്ടായിരുന്നു.
പ്രതിഷേധക്കാര്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകന്‍ ഗ്രേറ്റ തന്‍ബര്‍ഗും പ്രതിഷേധക്കാരിയായ സമയത്ത് കുട്ടിയായിരുന്നു എന്നു പറഞ്ഞപ്പോള്‍ കോടതിയില്‍ അനുചിതമായ വാദങ്ങള്‍ ഉയര്‍ത്തരുതെന്ന് അഭിഭാഷകനെ ശാസിച്ചു.
മുംബൈയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സദാവര്‍തെ ഷഹീന്‍ബാഗിലെ സമരം സംഘടിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ബാലാവകാശങ്ങള്‍ നിഷേധിച്ച അവര്‍ കുട്ടിയുടെ മരണത്തിന് ഉത്തരവാദികളാണെന്നും കത്തില്‍ ആരോപിച്ചിരുന്നു.
അതേസമയം ഷഹീന്‍ബാഗിലെ കുട്ടികളെ സ്‌കൂളുകളില്‍ പാകിസ്താനികളെന്ന് വിളിച്ച് അപമാനിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു.
പൗരത്വത്തിന് മതം മാനദണ്ഡമാക്കിയ സി.എ.എക്കെതിരേ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നടത്തുന്ന ഷഹീന്‍ബാഗിലെ സമരം ഒരു മാസം പിന്നിട്ടു കഴിഞ്ഞു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കനത്ത പോളിങ് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."