കാണികള്‍ക്ക് വിരുന്നൊരുക്കി കേരളത്തിന്റെ ചരിത്രനേട്ടം
കൃഷ്ണഗിരി: ആറ് പതിറ്റാണ്ടിലെ ബാലികേറമലയായിരുന്ന രഞ്ജിട്രോഫി സെമി ഫൈനല്‍ ഒടുവില്‍ ഒരുമലകയറി തന്നെ കേരളം പ്രാപ്യമാക്കി.
കൃഷ്ണഗിരിയുടെ കുന്നിന്‍ മുകളില്‍ ആ ചരിത്ര മുഹൂര്‍ത്തം പിറന്നപ്പോള്‍ പ്രകൃതിയുടെ കളിത്തട്ടായ കൃഷ്ണഗിരി സ്‌റ്റേഡിയം ആഘോഷതിമര്‍പ്പിര്‍ ആറാടി. കൃഷ്ണഗിരിയുടെ മഞ്ഞിലും തണുപ്പിലും വിരിഞ്ഞ കേരളത്തിന്റെ വിജയം കൃഷ്ണഗിരിയുടെ പ്രശസ്തിയും കുന്നോളം ഉയര്‍ത്തി. കേരളം വിജയിക്കുമെന്ന പ്രതീക്ഷയില്‍ രാവിലെ മുതല്‍ തന്നെ കാണികള്‍ കൃഷ്ണഗിരിയിലേക്ക് എത്തിതുടങ്ങിയരുന്നു. മത്സരം പുരോഗമിക്കുന്നതിനിടെ കേരളം വിജയത്തോടടുത്തപ്പോള്‍ കാണികളുടെ ഒഴുക്കും വര്‍ധിച്ചു. കുട്ടികള്‍, കുടുംബങ്ങള്‍, മുന്‍കാല കളിക്കാര്‍, കളിക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും എന്നിങ്ങനെ ആബാലവൃദ്ധം ജനങ്ങളും കേരളത്തിന്റെ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കാളികളായി. കൈയടിച്ചും കളിവിശകലനം നടത്തിയും വിജയഭേരിമുഴക്കിയും കാണികള്‍ കളി ലഹരിയില്‍ മുഴുകി. ഗുജറാത്ത് നായകന്റെ റണ്ണൗട്ട് അക്ഷരാര്‍ഥത്തില്‍ സ്‌റ്റേഡിയത്തെ പൊട്ടിതെറിപ്പിച്ചു. ഓരോവിക്കറ്റ് വീഴ്ചയും ഗ്രൗണ്ടിലെ വിജയഭേരിയായി മാറി. ഒടുവില്‍ 31.3ാമത്തെ ഓവറില്‍ വാലറ്റക്കാരന്‍ നാഗ്വസ്വലയെ വീഴ്ത്തി സന്ദീപ് വാര്യര്‍ ആ ചരിത്രം നിമിഷം കാണികള്‍ക്ക് സമ്മാനിച്ചു. പിന്നീടങ്ങോട്ട് മൈതാനായിലേക്ക് കാണികളുടെ തള്ളികയറ്റമായിരുന്നു. ഇഷ്ടതാരങ്ങളെ അടുത്തുകാണാനും സെല്‍ഫിയെടുക്കാനും കാണികള്‍ തിക്കിതിരക്കി. വന്നവരെയെല്ലാം പരിഗണിച്ച് കേരള ടീമും കാണികള്‍ക്ക് വിരുന്നൊരുക്കി. ഈ കളിക്ക് ശേഷം കേരളത്തിന്റെ സെമി ഫൈനലും ഇതേഗ്രൗണ്ടിലാണ് അരങ്ങേറുക എന്നതും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വിദര്‍ഭ സെമിയിലെത്തിയാല്‍ 24ന് ആയിരിക്കും ഈ മത്സരം.
കേരളത്തിന്റെ ഭാഗ്യഗിരി
കൃഷ്ണഗിരി: കുന്നിന്‍മുകളിലെ പച്ചവിരിച്ച മൈതാനം കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ ഓരോന്നായി മുളപ്പിക്കുന്നു.
രഞ്ജിയില്‍ ചരിത്രംകുറിച്ച സെമി ഫൈനല്‍ പ്രവേശമാണ് ഇതില്‍ അവസാനത്തേത്. കേരള ക്രിക്കറ്റിന്റെ എല്ലാ കാറ്റഗറിയിലുമുള്ള ടീമുകളുടെ ഭാഗ്യ ഗ്രൗണ്ടാണ് കൃഷ്ണഗിരി സ്റ്റേഡിയം. ഇക്കഴിഞ്ഞ നവംബറില്‍ നടന്ന അണ്ടര്‍-16 സി.കെ നായിഡു ട്രോഫിയിലും അത് പ്രതിഫലിച്ചിരുന്നു. തുടര്‍ച്ചയായി പരാജയങ്ങള്‍ പിന്തുടര്‍ന്ന അണ്ടര്‍-16 ടീമിന് വിജയമധുരം നല്‍കിയത് കൃഷ്ണഗിരിയായിരുന്നു. കഴിഞ്ഞ സീസണില്‍ നടന്ന രഞ്ജി മത്സരങ്ങളില്‍ കേരളത്തിന് വിജയങ്ങള്‍ സമ്മാനിച്ച കൃഷ്ണഗിരിയിലാണ് ചതുര്‍ദിനത്തില്‍ ഇന്ത്യ-എ വിജയം കൊയ്തത്.
സമുദ്രനിരപ്പില്‍ നിന്ന് 2100 അടി മുകളിലുള്ള സ്റ്റേഡിയം നല്‍കുന്ന കണക്കുകളെല്ലാം കേരളത്തിനൊപ്പമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി ദേശീയ മത്സരങ്ങള്‍ക്കും രാജ്യാന്തര മത്സരത്തിനും വേദിയായ കൃഷ്ണഗിരിയെ ബി.സി.സി.ഐക്കും ബോധിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയണ്‍സ് മത്സരവും അതിന്റെ ഭാഗമായാണ് കൃഷ്ണഗിരിയെ തേിടിയെത്തിയത്. രഞ്ജി സെമികൂടി കൃഷ്ണഗിരിയില്‍ നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിന്റെ യശസും കൂടുതലുയരും.
കാണികള്‍ കൂടി ഒഴുകിയെത്തി തുടങ്ങിയാല്‍ കൃഷ്ണഗിരി വൈകാതെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് ഭൂപടത്തിലും ഇടംപിടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."