ബംഗ്ലാവീര്യം വസീം ജാഫറിലൂടെയും
ധാക്ക: അണ്ടര്‍ 19 ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് കിരീടം ചൂടിയതിന് പിന്നില്‍ നാല് വര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റെ കഥയുണ്ട് ബംഗ്ലാദേശിന് പറയാന്‍. ലോകത്തിലെ തന്നെ പേരുകേട്ട ടീമിനോടാണ് തങ്ങള്‍ എതിരിടുന്നതെന്ന കൃത്യമായ ബോധ്യത്തോടെയാണ് ടീമിനായി ഇറങ്ങിയ ഓരോരുത്തരും ഈ പരിശീലന മുറകളില്‍ പങ്കാളികളായത്.
ഒരിക്കല്‍ കൂടി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിടുമെന്ന് കരുതിയവര്‍ക്ക് നായകന്‍ അക്ബര്‍ അലിയുടെ അവസരോചിതമായ ഇടപെടലിലൂടെ ബംഗ്ലാദേശ് തിരിച്ചടി നല്‍കുകയായിരുന്നു. എന്നാല്‍ ഈ വിജയത്തിന് പിന്നിലും ഒരു ഇന്ത്യന്‍ താരമുണ്ടെന്നതാണ് കിരീടനേട്ടത്തിന് പിന്നിലെ മറ്റൊരു ട്വിസ്റ്റ്. ഫൈനലില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അക്ബര്‍ അലിയുടെ ചരടുവലിച്ചത് മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്‍ മെഷീനുമായ വസീം ജാഫറാണെന്നത് വീണ്ടും ലോകകപ്പ് കിരീടത്തില്‍ ഇന്ത്യന്‍ മുദ്ര പതിപ്പിക്കുന്നു.
അക്ബര്‍ അലി ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ഇറങ്ങിയ മൂന്ന് താരങ്ങളെയാണ് പരിശീലകനായിരിക്കെ വസീം ജാഫര്‍ പരിശീലിപ്പിച്ചത്. അക്ബര്‍ അലിക്ക് പുറമേ, ഷഹാദത്ത് ഹൊസൈന്‍, നവ്‌റോസ് നബീല്‍ എന്നിവരാണ് വസീമിന്റെ ശിക്ഷണത്തില്‍ പരിശീലിച്ച് ലോകകപ്പില്‍ ഇറങ്ങിയ മറ്റു രണ്ടു താരങ്ങള്‍.
2019ലായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈപെര്‍ഫോര്‍മന്‍സ് അക്കാദമിയുടെ ബാറ്റിങ് പരിശീലകനായി വസീം ജാഫര്‍ ചുമതലയേറ്റത്. ഈ കാലയളവില്‍ ബംഗ്ലാദേശിന്റെ ഒരുപിടി ഭാവി താരങ്ങളെയാണ് ഈ ഇന്ത്യന്‍ താരം വാര്‍ത്തെടുത്തത്. ജാഫറിന്റെ ബാറ്റിങ് ശൈലികള്‍ കണ്ട് വളര്‍ന്ന അക്ബര്‍ അലിയും ഷഹാദത്ത് ഹുസൈനും പിന്നീട് ബംഗ്ലാദേശിന്റെ ഭാവി താരങ്ങളായി വാഴ്ത്തപ്പെട്ടു.
ലോകകപ്പ് കിരീടത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ് അക്ബര്‍ അലിയെന്ന് പരിശീലന വേളയില്‍ തന്നെ ജാഫര്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് സൂചിപ്പിച്ചിരുന്നു. മുന്‍പ് അക്ബര്‍ അലി ബംഗ്ലാദേശ് ടീമിന്റെ അണ്ടര്‍ 14, 16 ടീമിനെ നയിച്ചിട്ടുണ്ട്. കന്നി കിരീടം ചൂടിയതിന് പിന്നാലെ ടീമിന് ആശംസകള്‍ നേരാനും ജാഫര്‍ മറന്നില്ല.
ഇന്ത്യക്കായി 31 ടെസ്റ്റും രണ്ട് ഏകദിനവും കളിച്ച താരം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നായി 1954 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ട് ടെസ്റ്റില്‍ ഇരട്ട ശതകവും കുറിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിരതയില്ലായ്മയാണ് താരത്തിന് പുറത്തേക്കുള്ള വാതില്‍ തുറന്നത്.
പിന്നീട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിഞ്ഞ താരം, 260 മത്സരങ്ങളില്‍ നിന്നായി 19,410 റണ്‍സുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."